ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അലക്ഷ്യമായ നിലയില്‍ സൂക്ഷിച്ചിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം തെരുവുനായ കരണ്ടു തിന്നുന്നതിന്റെ വീഡിയോ ദൃശ്യം പ്രചരിച്ചതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധം. വ്യാഴാഴ്ചയാണ് റോഡപകടത്തില്‍ പെട്ട് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ കുട്ടി മരിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.
സംഭാല്‍ ജില്ലയിലെ ആശുപത്രിയില്‍ ഒറ്റപ്പെട്ട സ്ഥലത്ത് നിര്‍ത്തിയ സ്‌ട്രെച്ചറില്‍ തുണി കൊണ്ട് മൂടിയ നിലയിലാണ് മൃതദേഹമാണെന്ന് തോന്നിപ്പിക്കുന്ന ഒന്ന് നായ കരളുന്ന നിലയിലാണ് 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യം. സ്‌ട്രെച്ചറിന്റെ മുകളില്‍ മുന്‍കാലുകള്‍ ഉയര്‍ത്തിവെച്ച നിലയില്‍ നിന്നാണ് നായ കരണ്ടു തിന്നുന്നത്.
ആശുപത്രി അധികൃതരുടെ ശ്രദ്ധക്കുറവിനെ പെണ്‍കുട്ടിയുടെ കുടുംബം കുറ്റപ്പെടുത്തി. ഒന്നര മണിക്കൂറോളം മൃതദേഹം അശ്രദ്ധമായി സൂക്ഷിച്ചതായി കുട്ടിയുടെ അച്ഛന്‍ ചരണ്‍ സിങ് പറഞ്ഞു. ആശുപത്രിയില്‍ തെരുവുനായശല്യമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനെ കുറിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ലെന്നും ആശുപത്രി വക്താവറിയിച്ചു.
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കുടുംബാംഗങ്ങളെ ഏല്‍പിച്ചതായും പോസ്റ്റ് മോര്‍ട്ടം നടത്താതെ മൃതദേഹം കൊണ്ടുപോകുകയുമായിരുന്നെന്ന് അധികൃതര്‍ പറയുന്നു. കൊണ്ടു പോകുന്നതിനിടെ മൃതദേഹം വെച്ചിരുന്ന സ്ഥലത്ത് നായ എത്തിയതാവാമെന്നും ഡോക്ടര്‍ സുശീല്‍ വര്‍മ പറഞ്ഞു.
സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടി ട്വിറ്ററിലൂടെ വീഡിയോ ഷെയര്‍ ചെയ്തു.
ആശുപത്രിയിലെ ഒരു തൂപ്പുകാരനേയും വാര്‍ഡ് ബോയിയേയും സസ്‌പെന്‍ഡ് ചെയ്തതായും അന്വേഷണസമിതി രൂപീകരിച്ചതായും എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. അലിഗഡില്‍ ഒരു നവജാതശിശു ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് മരിച്ചതായുള്ള വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഈ വാര്‍ത്തയും പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. നവജാതശിശുവിന്റെ ശരീരത്തിലും കടിയുടെ പാടുകളുണ്ടായിരുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്.