അര്‍ണാബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

0
183

ന്യൂദല്‍ഹി (www.mediavisionnews.in) :ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യാ പ്രേരണാ കേസില്‍ അര്‍ണാബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷയിലുള്ള സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യം. 50000 രൂപ ആൾജാമ്യത്തിനും അന്വേഷണത്തോട് സഹകരിക്കണമെന്ന വ്യവസ്ഥയോടെയുമാണ് ജാമ്യം. ഉത്തരവിന്റെ പൂർണ രൂപം പിന്നീട് നൽകും. ജാമ്യം നിഷേധിച്ചു കൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധിക്കെതിരായ അര്‍ണാബിന്റെയും കൂട്ടുപ്രതികളായ നിതീഷ് ശാർദ, പ്രവീൺ രാജേഷ് സിങ്‌ എന്നിവരുടെയും ഹരജി അടിയന്തരപ്രാധാന്യത്തോടെയാണ് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. എഫ്.ഐ.ആര്‍ ഉള്ളതു കൊണ്ടുമാത്രം ഒരാള്‍ക്ക് ജാമ്യം നിഷേധിക്കാനാവില്ലെന്നും ബോംബെ ഹൈക്കോടതി വ്യക്തിസ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കണമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വാദംകേള്‍ക്കലിനിടെ നിരീക്ഷിച്ചു.

അര്‍ണാബിനും കൂട്ടുപ്രതികള്‍ക്കും വേണ്ടി ഹരീഷ് സാല്‍വെയും മഹാരാഷ്ട്ര സര്‍ക്കാറിനു വേണ്ടി കപില്‍ സിബല്‍, അമിത് ദേശായ് എന്നിവരുമാണ് വാദിച്ചത്. അര്‍ണാബിനും റിപ്പബ്ലിക് ചാനലിനും മേല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിരവധി കേസുകള്‍ ചുമത്തിയിട്ടുണ്ടെന്ന് ഹരീഷ് സാല്‍വെ കോടതിയില്‍ പറഞ്ഞു. അര്‍ണാബിനെതിരായ കേസ് സി.ബി.ഐക്ക് വിടണമെന്നും കുറ്റക്കാരനാണെങ്കില്‍ ജയിലിലടക്കാമെന്നും സാല്‍വെ വാദിച്ചു.

അര്‍ണാബ് നല്‍കാനുള്ള 88 ലക്ഷമടക്കം 6.45 കോടി രൂപ ലഭിക്കാത്തിന്റെ പേരില്‍ ഒരു വ്യക്തി ആത്മഹത്യ ചെയ്ത കേസാണിതെന്നാണ് ഹരജിയെ എതിര്‍ത്തുകൊണ്ട് കപില്‍ സിബല്‍ വാദിച്ചത്. പണം നല്‍കാനുണ്ട് എന്നതുകൊണ്ടു മാത്രം ആത്മഹത്യാ പ്രേരണ ആകുമോ എന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു. ബോംബെ ഹൈക്കോടതിയുടെ 50 പേജുള്ള വിധിയില്‍ അര്‍ണാബ് ചെയ്ത കുറ്റം എന്തെന്ന് വ്യക്തമാക്കുന്നില്ലെന്നും എഫ്.ഐ.ആര്‍ ഉണ്ട് എന്നതുകൊണ്ടു മാത്രം ജാമ്യം നിഷേധിക്കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്നതിനു തുല്യമാണെന്നും കോടതി നിരീക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here