അടുത്ത ഐപിഎല്‍ എപ്പോള്‍, വേദി എവിടെ? സന്തോഷ വാര്‍ത്ത പങ്കിട്ട് ഗാംഗുലി

0
178

ദുബായ്: ഐപിഎല്‍ 13-ാം സീസണിന്‍റെ അവസാനഘട്ടം യുഎഇയില്‍ പുരോഗമിക്കുകയാണ്. കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ അടുത്ത ഐപിഎല്‍ സീസണ്‍ ഉടനുണ്ടാകുമോ എന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ട്. പ്രത്യേകിച്ച് അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനുള്ള സാഹചര്യത്തില്‍. ഈ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. 

ഇന്ത്യ വേദിയാവും

‘അടുത്ത ഏപ്രില്‍-മെയ് മാസങ്ങളില്‍ ഐപിഎല്ലുണ്ടാകും(IPL 2021). അടുത്ത സീസണിനും യുഎഇ വേദിയാവും എന്നത് അഭ്യൂഹം മാത്രമാണ്. യുഎഇ ഈ സീസണിനുള്ള വേദി മാത്രമാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്‌ക്ക് ഇന്ത്യ വേദിയാകും. ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളും ഇന്ത്യയില്‍ നടക്കും. ബയോ-ബബിള്‍ നടപ്പാക്കി രഞ്ജി ട്രോഫി മത്സരങ്ങളും സംഘടിപ്പിക്കും. നവംബറില്‍ ഐഎസ്‌എല്‍ മത്സരങ്ങള്‍ ഗോവയില്‍ ആരംഭിക്കും. അത് സന്തോഷം നല്‍കുന്നു. ഭയം ഒഴിവാകാന്‍ ഐപിഎല്‍ ഏറെ സഹായിച്ചു. ഇതുവരെ 16 കൊവിഡ് പരിശോധനകള്‍ നടത്തി’ എന്നും ഗാംഗുലി ഇന്ത്യ ടുഡേയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ഐപിഎല്‍ 2021 യുഎഇയില്‍ വച്ചുതന്നെ നടന്നേക്കും എന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. നിലവില്‍ പതിമൂന്നാം സീസണില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇന്ന് ഡല്‍ഹി കാപിറ്റല്‍സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രണ്ടാം ക്വാളിഫയര്‍ അരങ്ങേറും. ഈ മത്സരത്തിലെ വിജയികളെ ചൊവ്വാഴ്‌ച നടക്കുന്ന ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ് നേരിടും. ഐപിഎല്ലിലെ അഞ്ചാം കിരീടമാണ് രോഹിത് ശര്‍മ്മയും സംഘവും ലക്ഷ്യമിടുന്നത്.  

LEAVE A REPLY

Please enter your comment!
Please enter your name here