തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്കുള്ള പിഴ തുക കുത്തനെ വര്‍ധിപ്പിച്ച് സര്‍ക്കാര്‍. മാസ്‌ക് ധരിക്കാത്തത് അടക്കമുള്ള ലംഘനങ്ങള്‍ക്കുള്ള പിഴയാണ് കൂട്ടിയിരിക്കുന്നത്.
200 രൂപയാണ് പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതിരുന്നാല്‍ നിലവിലുള്ള പിഴ. പുതിയ ഉത്തരവ് പ്രകാരം ഇത് 500-ആയി ഉയര്‍ത്തിയിട്ടുണ്ട്. 500 രൂപ ഈടാക്കിയിരുന്ന കൊവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്ക് ഇനി മുതല്‍ 5000 രൂപ വരെയും പിഴ ഏര്‍പ്പെടുത്തി.
ക്വാറന്റീന്‍ ലംഘനം, ലോക്ഡൗണ്‍ ലംഘനം, നിയന്ത്രണം ലംഘിച്ചു കൂട്ടം ചേരല്‍ എന്നിവയ്ക്ക് ഇനി മുതല്‍ വര്‍ധിപ്പിച്ച പിഴ അടയ്ക്കണം.
അതേസമയം ഇന്ന് സംസ്ഥാനത്ത് 5804 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് 799, എറണാകുളം 756, തൃശൂര്‍ 677, മലപ്പുറം 588, കൊല്ലം 489, ആലപ്പുഴ 468, തിരുവനന്തപുരം 439, പാലക്കാട് 438, കോട്ടയം 347, കണ്ണൂര്‍ 240, പത്തനംതിട്ട 189, ഇടുക്കി 187, വയനാട് 106, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 58,221 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 53,65,288 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
26 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1822 ആയി.
അതേസമയം സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 95000-ത്തില്‍ നിന്നും 75000-ത്തില്‍ എത്തിയിട്ടുണ്ട്.