മൂന്ന് പുതിയ നിയമങ്ങൾ; അടിമുടി മാറാനൊരുങ്ങി ബിഗ്‌ ബാഷ് ലീഗ്

0
404

ട്വന്റി 20 ലീഗായ ബിഗ്‌ ബാഷിന്റെ പത്താം പതിപ്പിൽ മൂന്ന് പുതിയ നിയമാവലികൾ കൂടി ഉൾപ്പെടുത്തി ആസ്‌ട്രേലിയ. എക്സ്-ഫാക്ടര്‍ പ്ലേയര്‍, പവര്‍ സര്‍ജ്, ബാഷ് ബൂസ്റ്റ് എന്നിങ്ങനെയുള്ള മൂന്ന് പരിഷ്കരണങ്ങളാണ് ബിഗ് ബാഷിന്റെ പുതിയ എഡിഷന് വേണ്ടി തയ്യാറാക്കിയിട്ടുള്ളത്.

സാധാരണ മത്സരങ്ങളിൽ സബ്സ്റ്റിട്യൂട്ടിനെ ഉപയോഗിക്കുന്നത് പോലെ എക്സ് ഫാക്ടര്‍ പ്ലേയറായി ആദ്യ ഇലവനിൽ ഇല്ലാത്ത ഒരു താരത്തെ ടീമിന് തെരഞ്ഞെടുക്കാം. അങ്ങനെ എക്സ് ഫാക്ടര്‍ ആയി തെരഞ്ഞെടുക്കുന്ന കളിക്കാരനെ ആദ്യ ഇന്നിംഗ്സിന്റെ പത്താം ഓവറിന് ശേഷം പകരക്കാരനായി ഇറക്കാം. ബാറ്റിംഗ് ടീം ആണ് എക്സ് ഫാക്ടറിനെ ഇറക്കുന്നതെങ്കിൽ മത്സരത്തിൽ ഇതുവരെ ബാറ്റ് ചെയ്യാത്ത ഒരു താരത്തെ മാറ്റിയായിരിക്കണം എക്‌സിനെ ഇറക്കേണ്ടത്.

ബൗളിംഗ് ടീം ആണ് എക്സ് ഫാക്ടറിനെ ഇറക്കുന്നതെങ്കിൽ ഒരോവറില്‍ അധികം ബൗള്‍ ചെയ്യാത്ത താരത്തിനെ കളിയിൽ നിന്ന് മാറ്റിയായിരിക്കണം എക്‌സിനെ മത്സരത്തിൽ ഇറക്കേണ്ടത്. സാധാരണഗതിയിൽ സബ്സ്റ്റിട്യൂട്ട് ആയി ഇറങ്ങുന്ന താരത്തിന് ബാറ്റിംഗോ ബൗളിങ്ങോ ചെയ്യാൻ കഴിയില്ല. ഫീൽഡ് ചെയ്യാൻ മാത്രമാണ് നിലവിലെ ക്രിക്കറ്റ് നിയമമനുസരിച്ച് കഴിയുക.

പവര്‍പ്ലേയുടെ പരിഷ്കരിച്ച പതിപ്പ് പോലെയാണ് ‘പവര്‍ സര്‍ജ്’ അവതരിപ്പിച്ചിരിക്കുന്നത്. പവർ സർജിൽ നിശ്ചിത രണ്ട് ഓവറുകളിൽ രണ്ട് ഫീൽഡിങ് താരങ്ങള്‍ക്ക് മാത്രമേ ഇന്നര്‍ സര്‍ക്കിളിന് പുറത്ത് നിൽക്കാൻ സാധിക്കുകയുള്ളു. ബാറ്റിംഗ് ടീമിന് 11ആം ഓവറിന് ശേഷം എപ്പോള്‍ വേണമെങ്കിലും രണ്ട് ഓവർ ‘പവർ സർജ്’ ഉപയോഗിക്കാം. നേരത്തെയുണ്ടായിരുന്ന ആദ്യ ആറോവറുകളിലെ ബാറ്റിംഗ് പവര്‍പ്ലേ ഇപ്പോൾ നാലോവറുകളിലാക്കി ചുരുക്കിയിട്ടുമുണ്ട്.

‘ബാഷ് ബൂസ്റ്റ്’ എന്നത് മത്സരത്തിലെ രണ്ടാം ഇന്നിംഗ്സിന്റെ പകുതിയിൽ എത്തുമ്പോൾ ടീമിന് ലഭിക്കുന്ന അധിക പോയിന്റാണ്. ആദ്യ പത്ത് ഓവര്‍ കഴിയുമ്പോൾ ആദ്യം ബാറ്റ് ചെയ്ത ടീമിനേക്കാള്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീം അധിക റണ്‍സ് നേടിയിട്ടുണ്ടെങ്കിൽ ‘ബാഷ് ബൂസ്റ്റ്’ എന്ന നിലയിൽ ബാറ്റിംഗ് ടീമിന് അധിക പോയിന്റ് ലഭിയ്ക്കും. നേരെ മറിച്ച് ആദ്യ ടീമിന്റെ 10 ഓവർ സ്കോർ രണ്ടാമത് ബാറ്റ് ചെയ്ത ടീം ഈ 10 ഓവറുകൾക്കുള്ളിൽ മറികടന്നില്ലെങ്കിൽ ഫീല്‍ഡിംഗ് ടീമിനാണ് ബോണസ് പോയിന്റ് ലഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here