മുംബൈയുടെ ജയത്തിന് പ്രാര്‍ഥിച്ച് മൂന്നു ടീമുകള്‍, ഹൈദരാബാദ് തോറ്റാല്‍ അവര്‍ പ്ലേഓഫില്‍!

0
461

ഐപിഎല്ലില്‍ പ്ലേഓഫ് ബെര്‍ത്തിനായുള്ള ടീമുകളുടെ എണ്ണത്തില്‍ രണ്ടു പേര്‍ കൂടി കുറഞ്ഞു. കിങ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരുടെ പ്ലേഓഫ് പ്രതീക്ഷകളാണ് അവസാന റൗണ്ടിലെ പരാജയത്തോടെ അസ്തമിച്ചിരിക്കുന്നത്. ഇനി പ്ലേഓഫ് ബെര്‍ത്തിനു വേണ്ടി രംഗത്തുള്ളത് നാലു ടീമുകളാണ്. ഇവരില്‍ ഒരു ടീമിന് നിരാശയോടെ മടങ്ങേണ്ടി വരും. കാരണം മൂന്നു പ്ലേഓഫ് ബെര്‍ത്തുകളാണ് ഇനി ശേഷിക്കുന്നത്. 18 പോയിന്റോടെ മുംബൈ ഇന്ത്യന്‍സാണ് നേരത്തേ തന്നെ പ്ലേഓഫിലെത്തിയ ടീം.

രാജസ്ഥാനെതിരേ നേടിയ 60 റണ്‍സിന്റെ വിജയത്തോടെ കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നിന്നും നാലാംസ്ഥാനത്തേക്കു കുതിച്ചെത്തിക്കഴിഞ്ഞു. അവര്‍ക്കു പ്ലേഓഫ് ഉറപ്പിക്കാന്‍ ഇനിയുള്ള മല്‍സരങ്ങളുടെ ഫലം കൂടി അറിയേണ്ടതുണ്ട്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് ഇനി പ്ലേഓഫിനായി പോരടിക്കുന്നത്.

തിങ്കളാഴ്ച നടക്കുന്ന നിര്‍ണായക മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ഡല്‍ഹി ക്യാപ്പിറ്റല്‍സും ഏറ്റുമുട്ടും. ഈ മല്‍സരത്തില്‍ വിജയിക്കുന്ന ടീമിന് മുംബൈയ്ക്കു പിന്നാലെ രണ്ടാംസ്ഥാനക്കാരായി പ്ലേഓഫിലെത്താം. എന്നാല്‍ തോല്‍ക്കുന്ന ടീമിന് നേരിയ സാധ്യത നിലനില്‍ക്കുന്നുണ്ട്. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന മുംബൈ ഇന്ത്യന്‍സ്- ഹൈദരാബാദ് പോരായിരിക്കും അവരുടെ വിധി നിര്‍ണയിക്കുക. മല്‍സരത്തില്‍ മുംബൈ ഹൈദരാബാദിനെ തോല്‍പ്പിക്കുകയാണെങ്കില്‍ ഡല്‍ഹി, ബാംഗ്ലൂര്‍, കൊല്‍ക്കത്ത ടീമുകള്‍ പ്ലേഓഫില്‍ കടക്കും. ഹൈദരാബാദ് പുറത്താവുകയും ചെയ്യും. എന്നാല്‍ ഹൈദരാബാദ് മുംബൈയെ വീഴ്ത്തിയാല്‍ നെറ്റ് റണ്‍റേറ്റായിരിക്കും പ്ലേഓഫിലെ അടുത്ത രണ്ടു ടീമുകള്‍ ആരെന്നു തീരുമാനിക്കുക.

നിലവില്‍ ബാംഗ്ലൂര്‍, ഡല്‍ഹി, കൊല്‍ക്കത്ത ടീമുകളേക്കാള്‍ മികച്ച റണ്‍റേറ്റാണ് പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തുള്ള ഹൈദരാബാദിനുള്ളത്. അതുകൊണ്ടു തന്നെ മുംബൈയുടെ വിജയത്തിനു വേണ്ടിയായിരിക്കും ആര്‍സിബി, ഡിസി, കെകെആര്‍ ടീമുകളുടെ പ്രാര്‍ഥന.

LEAVE A REPLY

Please enter your comment!
Please enter your name here