ബിഹാറിലെ വിജയം പ്രചോദനം, പശ്ചിമ ബംഗാളിലും ഉത്തര്‍പ്രദേശിലും മത്സരിക്കും; ഉവൈസി

0
201

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി രംഗത്ത്. ബിഹാറിലെ വിജയം പ്രചോദനം നല്‍കുന്നതാണ്. 2022ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ എ‌ഐ‌ഐ‌എം പോരാടും. ആരുമായി സഖ്യമുണ്ടാക്കുമെന്നത്​ അപ്പോള്‍ പറയുമെന്നും ഉവൈസി പറഞ്ഞു. ബി​.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നെന്ന ആരോപണത്തോട്​ തങ്ങളും ഒരു രാഷ്ട്രീയപാര്‍ട്ടിയാണെന്നും മത്സരിക്കാന്‍ അവകാശമുണ്ടെന്നുമായിരുന്നു ഉവൈസിയുടെ മറുപടി. വരാനിരിക്കുന്ന പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു. ബിഹാറിലെ വിജയത്തിന്​ പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട്​ സംസാരിക്കുകയായിരുന്നു ഉവൈസി.

‘കൂടുതല്‍ സീറ്റുകളില്‍ ജയിക്കാന്‍ ഞങ്ങള്‍ക്കായില്ല. കാര്യങ്ങള്‍ വിശദമായി പരിശോധിച്ച്‌​ അടുത്ത തെരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വോട്ട്​ വിഴുങ്ങികള്‍ എന്ന്​ പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണ്​ ഈ വിജയം’ -ഉവൈസി കൂട്ടിച്ചേര്‍ത്തു. മുസ്​ലിം വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള സംസ്ഥാനങ്ങളാണ് പശ്ചിമ ബംഗാളും ഉത്തര്‍പ്രദേശും, അതുകൊണ്ട് തന്നെ ഉവൈസി മത്സരിച്ചേക്കുമെന്ന വാര്‍ത്ത​ മമത ബാനര്‍ജിയും സമാജ്​ വാദി പാര്‍ട്ടിയും അടക്കമുള്ള പാര്‍ട്ടികള്‍ക്ക് തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്.

അതേസമയം, എ.ഐ.എം.ഐ.എം നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച്‌​ കോണ്‍ഗ്രസ്​ രംഗത്തെത്തിയിരുന്നു​. മഹാസഖ്യത്തിന്‍റെ വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന ഉവൈസിയുടെ പാര്‍ട്ടി, ബി.ജെ.പിയുടെ സഖ്യകക്ഷിയെപ്പോലെയാണെന്ന്​ ലോക്​സഭയിലെ കോണ്‍ഗ്രസ്​ നേതാവ്​ അധീര്‍ രഞ്​ജന്‍ ചൗധരി കുറ്റപ്പെടുത്തിയിരുന്നു. വോട്ട്​ ഭിന്നിപ്പിക്കുന്ന ഉവൈസി ബി.ജെ.പിയുടെ ബി ടീമാണെന്ന്​ കോണ്‍ഗ്രസ്​ അടക്കമുള്ള പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. ‘കോണ്‍ഗ്രസ്​ അവരുടെ നിരാശ മറച്ചുവെക്കാന്‍ ശ്രമിക്കുകയാണ്​. അവര്‍ പരാജയപ്പെട്ടാല്‍ ഉവൈസിയെ കുറ്റപ്പെടുത്തും. ബിഹാറിലെ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ അഞ്ച്​ വര്‍ഷം മുന്‍പ്​ തുടങ്ങിയതാണ്​. സീമാഞ്ചലി​ന്‍റെ വികസനത്തിനായാണ്​ ഞങ്ങളുടെ ​പ്രവര്‍ത്തനം’ -കോണ്‍ഗ്രസി​ന്‍റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഉവൈസി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here