പ്രായപൂർത്തിയായ സ്ത്രീക്ക് ആരുടെ കൂടേയും എവിടേയും താമസിക്കാം; വീടുവിട്ട് ഇറങ്ങിയ 20കാരിക്ക് പോലീസ് സംരക്ഷണവും ഒരുക്കി ഹൈക്കോടതി

0
220

ന്യൂഡൽഹി: ഇരുപത് വയസുകാരിയായ മകൾക്ക് എതിരെ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്ത കുടുംബത്തിനെ തിരുത്തി ഡൽഹി ഹൈക്കോടതി. പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് താൻ ആഗ്രഹിക്കുന്ന എവിടെ വേണമെങ്കിലും, ആർക്കൊപ്പവും താമസിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. സെപ്റ്റംബർ 12ന് വീടുവിട്ടിറങ്ങി ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്തതിന് എതിരെ ഇരുപതുകാരിയെ കാണാതായെന്ന് കാണിച്ച് വീട്ടുകാർ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.

സുപ്രധാനമായ വിധി പുറപ്പെടുവിച്ചത് ജസ്റ്റിസ് വിപിൻ സംഘ്‌വി, രജ്‌നിഷ് ഭട്‌നഗർ എന്നിവരുടെ ബെഞ്ചാണ്. കോടതിയിൽ ഹാജരായ പെൺകുട്ടി താൻ പ്രായപൂർത്തിയായ വ്യക്തിയാണെന്നും സ്വന്തം താല്പര്യപ്രകാരമാണ് വീട് ഉപേക്ഷിച്ചതെന്നും കോടതിയെ ബോധിപ്പിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും ഇവർ കോടതിയെ അറിയിച്ചു.

ഇതോടെയാണ് പ്രായപൂർത്തിയായ സ്ത്രീക്ക് ആഗ്രഹിക്കുന്ന ഇടത്ത്, ആഗ്രഹിക്കുന്ന വ്യക്തിക്കൊപ്പം താമസിക്കുന്നതിന് സ്വാതന്ത്യമുണ്ടെന്ന് കോടതി വ്യക്തമാക്കിയത്. ഇതോടൊപ്പം പെൺകുട്ടിയുടെ വീട്ടുകാരുടെ നിരന്തര ഭീഷണിയിൽ നിന്നും പെൺകുട്ടിക്ക് സംരക്ഷണം നൽകാൻ പോലീസ് സഹായവും കോടതി നിർദേശിച്ചിട്ടുണ്ട്. ദമ്പതികൾ താമസിക്കുന്ന സ്ഥലത്തിന്റെ ചുമതലയുളള പോലീസ് കോൺസ്റ്റബിളിന്റെ ഫോൺ നമ്പർ ദമ്പതികൾക്ക് കൈമാറാനും കോടതി നിർദേശിച്ചു. ആവശ്യം വരികയാണെങ്കിൽ പോലീസിനെ ബന്ധപ്പെടാനാണിത്.

യുവതിയെ പോലീസ് സംരക്ഷണയിൽ ഭർത്താവിന്റെ വീട്ടിലെത്തിക്കാനും യുവതിയുടെ വീട്ടുകാരെ നിയമം കൈയിലെടുക്കുന്നത് എതിർക്കാനും ഡൽഹി പോലീസിന് കോടതി നിർദേശം നൽകി. ദമ്പതികളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കാനും അവരെ ഉപദേശിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here