തൃശൂർ: കോർപ്പറേഷൻ മുൻ പ്രതിപക്ഷ നേതാവും യൂത്ത് കോൺഗ്രസ് മുൻ തൃശൂർ ജില്ലാ പ്രസിഡണ്ടും നിലവിൽ കോർപ്പറേഷൻ പുല്ലഴി ഡിവിഷൻ ഇടതു സ്വതന്ത്ര സ്ഥാനാർഥിയുമായ അഡ്വ എംകെ മുകുന്ദൻ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ആഴ്ചകളായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നുവെങ്കിലും പ്രചരണത്തിന് ഇറങ്ങാനായിരുന്നില്ല.
നിലവിലെ കോർപ്പറേഷൻ ഭരണസമിതിയുടെ അവസാനകാലത്ത് കോൺഗ്രസിലെ തർക്കത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് രാജിവെക്കുകയും സിപി.മ്മിനൊപ്പം സഹകരിക്കുന്നതിന് പ്രഖ്യാപിക്കുകയുമായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ പുല്ലഴി ഡിവിഷനിൽ സിപിഎം സ്വതന്ത്രനായിട്ടായിരുന്നു മത്സരിക്കാൻ നാമനിർദ്ദേശ പത്രിക നൽകിയിരുന്നത്. എസ് എഫ് ഐ നേതാവായിരുന്ന കൊച്ചനിയൻ കൊലക്കേസിൽ രണ്ടാം പ്രതിയായിരുന്നു മുകുന്ദൻ.
കോൺഗ്രസിൽ നിന്ന് രാജിവെച്ച് സി പി എമ്മിനൊപ്പം സഹകരിക്കാനുള്ള മുകുന്ദന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് ഈ ആക്ഷേപമുയർത്തിയായിരുന്നു രംഗത്ത് വന്നത്. ഇത് ഏറെ വിവാദമാവുകയും ചെയ്തിരുന്നു.