തിരഞ്ഞെടുപ്പ് ഗോദയിലെ ‘ബേബി’; 18-ന് 21 തികയും, 19-ന് രേഷ്മ മറിയം റോയ് പത്രിക നല്‍കും

0
202

പത്തനംതിട്ട: പ്രചരണരംഗത്ത് ഏറെ മുന്നേറിയെങ്കിലും അരുവാപ്പുലം പഞ്ചായത്ത് 11-ാം വാര്‍ഡിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി രേഷ്മ മറിയം റോയ് ഇതുവരെ പത്രിക സമര്‍പ്പിച്ചിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 21 വയസ് തികയണമെന്ന കടമ്പ കടക്കാന്‍ കാത്തിരിക്കുകയാണ് അവര്‍. നവംബര്‍ 18-നാണ് രേഷ്മ മറിയം റോയ്ക്ക് 21 വയസ് തികയുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 19-ഉം. 

21 വയസ് തികയുന്നത് നവംബര്‍ 18-നാണെങ്കിലും നവംബര്‍ 19-നാണ് പത്രിക സമര്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് രേഷ്മ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗവും എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗവുമായ രേഷ്മ തന്റെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 11-ാം വാര്‍ഡായ ഊട്ടുപാറ നിലവില്‍ യു.ഡി.എഫിന്റെ കൈവശമാണെങ്കിലും വാര്‍ഡ് പിടിച്ചെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് രേഷ്മ പറയുന്നു. 

കോന്നി വി.എന്‍.എസ്. കോളേജില്‍നിന്ന് ബി.ബി.എ. പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് രേഷ്മ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. കോളേജ് പഠനകാലത്ത് എസ്.എഫ്.ഐ.യിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം കൈവന്നത് ഒട്ടും പ്രതീക്ഷിക്കാതെയാണെന്നായിരുന്നു രേഷ്മയുടെ പ്രതികരണം. 

കടുത്ത മത്സരമാണ് നടക്കുന്നത്. മുന്‍ പഞ്ചായത്തംഗമാണ് എതിര്‍സ്ഥാനാര്‍ഥി. എന്നാലും നിലവില്‍ അനുകൂലസാഹചര്യമാണ്. സീറ്റ് പിടിച്ചെടുക്കാനാകുമെന്ന് തന്നെയാണ് പ്രതീക്ഷ. വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായങ്ങളുണ്ടെങ്കിലും തിരഞ്ഞെടുപ്പില്‍ എല്ലാവിധ പിന്തുണയുമായി കുടുംബം കൂടെയുണ്ട്. വീടുകള്‍ കയറിയുള്ള ആദ്യഘട്ട പ്രചരണം ഏറെക്കുറേ പൂര്‍ത്തിയായി. ഏറെ പോസിറ്റീവായ അഭിപ്രായമാണ് വോട്ടര്‍മാരില്‍നിന്ന് ലഭിക്കുന്നത്. ചെറുപ്പക്കാര്‍ കടന്നുവരട്ടെയെന്ന് അവരും പറയുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ പ്രായം സംബന്ധിച്ച മാനദണ്ഡങ്ങളെക്കുറിച്ച് അധികൃതരോട് തിരക്കിയിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസം 21 വയസ്സ് തികഞ്ഞാല്‍ മതിയെന്നാണ് അധികൃതരില്‍നിന്ന് ലഭിച്ച മറുപടി. ഇതോടെയാണ് മത്സരരംഗത്തിറങ്ങിയതെന്നും 19-ന് പത്രിക സമര്‍പ്പിക്കാന്‍ തീരുമാനിച്ചതെന്നും രേഷ്മ പറഞ്ഞു. 

‘കൂടുതല്‍ റോഡുകള്‍ വേണമെന്നും വന്യമൃഗശല്യം നേരിടാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ജയിച്ചുകഴിഞ്ഞാല്‍ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണും. വാര്‍ഡിലെ അംഗനവാടിക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കും. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കും. ഓരോരുത്തരെ നേരിട്ട് കാണുമ്പോഴും അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് ഡയറിയില്‍ രേഖപ്പെടുത്തുന്നുണ്ട്’- രേഷ്മ വിശദീകരിച്ചു. 

സംസ്ഥാനത്ത് മത്സരരംഗത്തുള്ള ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിരിക്കും രേഷ്മ. മത്സരിച്ച് ജയിച്ചാലും വിദൂരവിദ്യാഭ്യാസം വഴി പഠനം തുടരാന്‍ തന്നെയാണ് തീരുമാനം. തടി കച്ചവടക്കാരനായ റോയ് പി. മാത്യുവാണ് പിതാവ്. മാതാവ് മിനി റോയ് സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ജീവനക്കാരിയാണ്. സഹോദരന്‍ റോബിന്‍ മാത്യു റോയ്. മുന്‍ പഞ്ചായത്തംഗമായ സുജാത മോഹനാണ് ഊട്ടുപാറ വാര്‍ഡിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി. 

LEAVE A REPLY

Please enter your comment!
Please enter your name here