കുമ്പള: കോവിഡ് വ്യാപനത്തിനെതിരെ അവബോധമുണ്ടാക്കുന്നതിൽ ഓൺലൈൻ മാധ്യമങ്ങൾ വലിയ പങ്കു വഹിച്ചുവെന്നു യു എ ഇ എക്സ്ചേഞ്ച് മുൻ ഗ്ലോബൽ പ്രസിഡന്റ് വൈ സുധീർകുമാർ ഷെട്ടി പറഞ്ഞു. ദുബൈ മലബാർ കലാസാംസ്കാരിക വേദി ഡിസംബറിൽ ഉപ്പളയിൽ സംഘടിപ്പിക്കുന്ന, ഓൺലൈൻ മാധ്യമങ്ങൾക്കു സ്നേഹാദരം പരിപാടിയുടെ ബ്രോഷർ പ്രകാശനം എന്മകജെയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് മഹാമാരിക്കെതിരെ സമൂഹം വലിയ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഭരണകൂടങ്ങൾക്ക് മാത്രമല്ല ഉത്തരവാദിത്തമുള്ളത്. സമൂഹത്തെ ഇതിന് പ്രാപ്തമാക്കാൻ മാധ്യമങ്ങൾക്കു കഴിഞ്ഞു – അദ്ദേഹം ചൂണ്ടിക്കാട്ടി. ഗൾഫിലെ മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ.എം അബ്ബാസ് ബ്രോഷർ ഏറ്റുവാങ്ങി.
ദുബൈ മലബാർ കലാ സാംസ്കാരിക വേദി പ്രസിഡന്റ് അഷ്‌റഫ് കർളെ അധ്യക്ഷത വഹിച്ചു. ഉപ്പളയിൽ നടക്കുന്ന ചടങ്ങിൽ നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുക്കുമെന്ന് അഷ്‌റഫ് കർളെ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് കൂട്ടായ്മ സംഘടിപ്പിക്കുകയെന്നും വ്യക്‌തമാക്കി. അഷ്‌റഫ് ബെദ്രംപളെ, ഹമീദ് അൽഫല പങ്കെടുത്തു.