കൈക്കൂലി നല്‍കാത്ത വിരോധത്തില്‍ ഉപ്പളയിലെ സ്വര്‍ണ വ്യാപാരിയെ പൊലീസ് കള്ളക്കേസില്‍ കുടുക്കിയതായി പരാതി

0
199

കാസര്‍കോട്: (www.mediavisionnews.in) ആവശ്യപ്പെട്ട കൈക്കൂലി നല്‍കാത്ത വിരോധത്തില്‍ ഉപ്പളയിലെ സ്വര്‍ണ വ്യാപാരിയെ കര്‍ണാടക പൊലീസ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം. സ്വര്‍ണ വ്യാപാരി ഹനീഫ് ഗോള്‍ഡ് കിംഗിനെയാണ് കൈക്കൂലി നല്‍കാന്‍ തയാറാവാത്ത വിരോധത്തില്‍ പ്രതിയാക്കുകയും പ്രതികള്‍ക്കൊപ്പം ഫോട്ടോ പതിച്ച് സോഷ്യല്‍ മീഡിയയില്‍ പൊലീസ് പ്രചരിപ്പിക്കുകയും ചെയ്തത്.

കഴിഞ്ഞ 11ന് കര്‍ണാടക പണ്ഡിറ്റ് ഗ്രാമത്തിലെ ഹന്‍ഡലുമറ്റ് കോളജിന് സമീപത്തെ സരസമ്മ എന്ന സ്ത്രീയുടെ വീട്ടില്‍ കവര്‍ച്ച നടക്കുകയും 23ഗ്രാം സ്വര്‍ണം മോഷ്ടിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണത്തില്‍ കാസര്‍കോട് മൊഗ്രാല്‍ സ്വദേശി ഇബ്രാഹിം കലന്തര്‍ (38), ഷിമോഗയിലെ മഹമൂദ് മുദാസിര്‍ (20), മൂടുബിദ്രി കോട്ടയിലെ ശഹീം സിദ്ദീഖ് (23) എന്നിവരെ മൂഡിബിദ്രി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

പ്രതികളെ ചോദ്യം ചെയ്തതില്‍ ഇബ്രാഹിം കലന്തര്‍ സ്വര്‍ണം ഉപ്പളയിലെ സ്വര്‍ണ കടയില്‍ വിറ്റതായും കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി കടയില്‍ പൊലീസ് എത്തിയ സമയത്ത് 70 ഗ്രാം സ്വര്‍ണമാണ് നഷ്ടപെട്ടതെന്നും ഇതുതിരിച്ചു തരണമെന്നും ആവശ്യപ്പെടുകയായിരുന്നുവെന്ന് ഉടമ ഹനീഫ് ഗോള്‍ഡ് കിംഗ് പറയുന്നു. എന്നാല്‍ വീട്ടുടമ പരാതിപ്പെട്ടതും പ്രതി വില്‍പന നടത്തിയതും 22.800 ഗ്രാം മാത്രമായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണം കടയുടമ പൊലീസിന് കൈമാറുകയും പൊലീസ് ഇത് തൊണ്ടിമുതലില്‍ ചേര്‍ക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ എത്തണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച മൂഡിബിദ്രിയില്‍ എത്തിയപ്പോള്‍ കേസില്‍ നാലാം പ്രതിയാക്കി കടയുടമായ ഹനീഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഹനീഫിനെ ഉടനെ ജാമ്യത്തില്‍ വിടുകയും ചെയ്തു.

പൊതുവെ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നടക്കുന്നതായും കര്‍ണാടകയില്‍ നിന്നും കവര്‍ച്ച സ്വര്‍ണം കേരളത്തില്‍ കൊണ്ടുവന്ന് വിറ്റാല്‍ പ്രതികളുമായി ഒത്തുതീര്‍പ്പുണ്ടാക്കിയ പൊലീസ് സ്വര്‍ണം കൈക്കലാക്കുകയും കടയുടമയില്‍ നിന്ന് കൈകൂലി വാങ്ങുകയും ചെയ്യുന്നതായും ഹനീഫ് ഗോള്‍ഡ് കിംഗ് പറയുന്നു. നിയമപരമായി കേസ് തീര്‍പ്പാക്കാനുള്ള ശ്രമത്തിനിടയിലാണ് തന്നെ പ്രതിയാക്കിയതെന്നും സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് മംഗളൂരു സിറ്റി കമ്മീഷണറെ നേരില്‍ കണ്ട് പരാതി നില്‍കുമെന്നും ഹനീഫ് പറഞ്ഞു. സോഷ്യല്‍മീഡിയയില്‍ അപവാദം പ്രചരിപ്പിച്ച് മാനനഷ്ടം വരുത്തിയതിന് കാസര്‍കോട് എസ്പി, മഞ്ചേശ്വരം പൊലീസ് എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here