തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞു തുടങ്ങിയ ഒക്ടോബർ മാസം അവസാനിച്ചപ്പോൾ കോവിഡ് രോഗികളുടെ പ്രതിദിന വർധനവിൽ രാജ്യത്ത് ഒന്നാമത് നിൽക്കുകയാണ് കേരളം. ഇന്നലെ രാജ്യത്ത് രോഗികൾ 7000 കടന്നത് കേരളത്തിൽ മാത്രമാണ്. മൊത്തം രോഗികളുടെ പകുതിയിലധികവും 50 ശതമാനം മരണങ്ങളുമുണ്ടായ ഒക്ടോബറിൽ ഇതുവരെയുള്ളതിൽ വെച്ച് തീവ്രവ്യാപനമാണ് സംസ്ഥാനത്തുണ്ടായത്.
സെപ്തബറിലുണ്ടായത് ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം രോഗികളാണെങ്കിൽ, ഒക്ടോബറിലുണ്ടായത് അതിനെ മറികടന്ന കുതിപ്പ്. 2,36,999 രോഗികളാണ് ഒക്ടോബറിൽ മാത്രമുണ്ടായത്. ആകെ രോഗികളുടെ 54 ശതമാനവും ഒക്ടോബറിൽ. മരണക്കണക്കിലും ഒക്ടോബർ ഞെട്ടിച്ചു. ഒക്ടോബറിൽ മാത്രം 742 മരണം. ആകെ മരണങ്ങളുടെ 50 ശതമാനവും ഒക്ടോബറിൽ.
ഈ മാസം ഏറ്റവുമധികം രോഗികളുണ്ടായത് ഒക്ടോബർ പത്തിനാണ്. 11,755 രോഗികൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഒക്ടോബർ ഞെട്ടിച്ചു. ഒക്ടോബർ 13ന് ഇത് 18 ശതമാനവും കടന്നു. മലപ്പുറത്ത് 31 ശതമാനത്തിലെത്തി. ഒക്ടോബറിൽ തന്നെ പ്രതിദിന കേസുകൾ പതിനയ്യായിരവും മറികടക്കുമെന്ന മുന്നറിയിപ്പുകൾ ശക്തമായിരുന്നു. അതുണ്ടായില്ലെന്നതാണ് ആശ്വാസം. മരണനിരക്കും കുറവ്.
ഓണക്കാലത്തെ ഇളവുകളും ആൾക്കൂട്ടവും ചേർന്നുണ്ടായ വ്യാപനമാണ് പതിനായിരം കടക്കുന്നതിന് ഇടയാക്കിയതെന്ന് വിദഗ്ദർ വിലയിരുത്തുന്നു. ഇനി വരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് വലിയ വെല്ലുവിളിയാകുമെന്ന് മുന്നറിയിപ്പും.