കര്‍ഷക മാര്‍ച്ചില്‍ സംഘര്‍ഷാവസ്ഥ, സ്‌റ്റേഡിയങ്ങള്‍ ജയിലുകളാക്കാന്‍ അനുമതി തേടി പോലീസ്

0
392

ന്യൂഡല്‍ഹി: കര്‍ഷക മാര്‍ച്ച് ഡല്‍ഹിയിലേക്കടുക്കുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ഒമ്പത് സ്റ്റേഡിയങ്ങളെ താല്‍ക്കാലിക ജയിലുകളാക്കി മാറ്റാന്‍ ഡല്‍ഹി പോലീസ് സര്‍ക്കാരിനോട് അനുമതി തേടി. 

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ഉത്തര്‍പ്രദേശ്, ഹരിയാണ, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് പ്രകടനമായി നീങ്ങുന്നത്. എന്നാല്‍ എല്ലാ അതിര്‍ത്തിയിലും പോലീസ് ബാരിക്കേഡുകള്‍ വെച്ച് തടസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഡല്‍ഹി-ഹരിയാണ അതിര്‍ത്തി പോലീസ് പൂര്‍ണമായും തടഞ്ഞു. ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചതോടെ പലയിടത്തും സംഘര്‍ഷസാഹചര്യമായി. കര്‍ഷകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. താല്‍ക്കാലികമായി കര്‍ഷകര്‍ പിന്മാറിയെങ്കിലും ആയിരിക്കണക്കിന് കര്‍ഷകര്‍ കൂട്ടമായി അതിര്‍ത്തിയിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. എന്ത് സംഭവിച്ചാലും പിന്മാറില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. 

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് അഞ്ഞൂറോളം കര്‍ഷകസംഘടനകളാണ് ഡല്‍ഹി ചലോ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കേന്ദ്രകൃഷിവകുപ്പ് മന്ത്രി നരേന്ദ്രസിങ് തോമര്‍ ഡിസംബര്‍ മൂന്നിന് കര്‍ഷകസംഘടന പ്രതിനിധികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നാണ് കര്‍ഷകസംഘടനകളുടെ നിലപാട്. ഇതിന് മുന്‍പ് ചര്‍ച്ച നടത്തിയപ്പോഴൊന്നും സമവായമുണ്ടാക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്നും അതിനാല്‍ ഇനിയൊരു ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നാണ് സംഘടനകള്‍ നിലപാട് വ്യക്തമാക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടുപോവുമെന്നുതന്നെയാണ് കര്‍ഷകര്‍ പറയുന്നു. 

രണ്ട് ദിവസത്തേക്കാണ് ദില്ലി ചലോ മാര്‍ച്ച് പ്രഖ്യാപിച്ചതെങ്കിലും പ്രതിഷേധം ദിവസങ്ങളോളം നീളാനും സാധ്യതയുണ്ട്. കൂടുതല്‍ ദിവസങ്ങള്‍ക്കുള്ള ഭക്ഷണസാധനങ്ങളും വെള്ളവും, തണുപ്പിനെ അകറ്റാനുള്ള വസ്ത്രവും മറ്റും ശേഖരിച്ചാണ് പലഭാഗങ്ങളില്‍ നിന്നും കര്‍ഷകര്‍ കൂട്ടമായി ഡല്‍ഹിയിലേക്കെത്തുന്നത്. 

കര്‍ഷകപ്രക്ഷോഭത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സായുധസേനയെ അടക്കമുള്ള വന്‍സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഡല്‍ഹി-ഹരിയാന, ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലും സേനയെ വിന്യസിച്ചു.

കര്‍ഷകരെ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ബുധനാഴ്ചതന്നെ പോലീസ് ഉത്തരവിറക്കിയിരുന്നു. സമരക്കാരെ തടയാന്‍ ഡല്‍ഹിയിലെ എട്ടു മെട്രോ സ്റ്റേഷനുകളും അടച്ചിട്ടു. പഞ്ചാബ്-ഹരിയാണ അതിര്‍ത്തിയിലെ അംബാലയില്‍ കര്‍ഷകര്‍ക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. അതുകൂസാതെ, ബാരിക്കേഡുകള്‍ തള്ളിമാറ്റി കര്‍ഷകര്‍ ട്രാക്ടറുകളില്‍ മുന്നോട്ടുനീങ്ങി. പഞ്ചാബ്-ഹരിയാണ അതിര്‍ത്തിയിലെ ശംഭുവില്‍ പഞ്ചാബില്‍നിന്നുള്ള കര്‍ഷകരും പോലീസും ഏറ്റുമുട്ടി. ബാരിക്കേഡുകള്‍ ഗഗ്ഗാര്‍ നദിയിലേക്ക് തള്ളിയിട്ട് കര്‍ഷകര്‍ മുന്നോട്ടുനീങ്ങി.

അമൃത്സര്‍-ഡല്‍ഹി ദേശീയപാതയില്‍ പോലീസ് കര്‍ഷകമാര്‍ച്ചിനെ തടഞ്ഞു. പഞ്ചാബിലെ കൈത്താള്‍ ജില്ലയിലും സമരക്കാര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. പോലീസ് വിലക്കു ലംഘിച്ച് കര്‍ഷകര്‍ ട്രാക്ടറുകളില്‍ പ്രതിഷേധവുമായി നീങ്ങി. അംബാലയിലെ സദോപുര്‍ അതിര്‍ത്തിയിലും കര്‍ഷകരെ പോലീസ് തടഞ്ഞു. സോനിപ്പത്ത്, കര്‍ണാല്‍ തുടങ്ങിയ ജില്ലകളിലൊക്കെ കര്‍ഷകപ്രക്ഷോഭം അരങ്ങേറി. വെള്ളിയാഴ്ച ഡല്‍ഹിയില്‍ ഉപരോധം നടത്തുമെന്നാണ് സമരം നയിക്കുന്ന ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രഖ്യാപനം.

LEAVE A REPLY

Please enter your comment!
Please enter your name here