ന്യൂദല്‍ഹി: കര്‍ഷക നിയമത്തിനെതിരായ കര്‍ഷകരുടെ പ്രതിഷേധത്തിനിടെ ജലപീരങ്കി വാഹനത്തിന് മേല്‍ പാഞ്ഞുകയറി ബിരുദ വിദ്യാര്‍ത്ഥി. ജലപീരങ്കിയില്‍ നിന്ന് കര്‍ഷകര്‍ക്ക് നേരെ വെള്ളം പമ്പ് ചെയ്യുന്നത് ഓഫാക്കിയാണ് ഇദ്ദേഹം വാഹനത്തിന്റെ മുകളില്‍ നിന്ന് ഇറങ്ങിയത്.
അംബാല ജില്ലയിലെ നവ്ദീപ് സിംഗ് എന്ന ബിരുദവിദ്യാര്‍ത്ഥിയാണ് കര്‍ഷകരുടെ പ്രതിഷേധത്തിനിടെ താരമായത്.
‘ഞാനൊരു വിദ്യാര്‍ത്ഥിയാണ്. ഇത്തരത്തില്‍ ചാടുകയോ മറിയുകയോ ഒന്നും ചെയ്തിട്ടില്ല. എന്നാല്‍ പ്രതിഷേധക്കാരുടെ ധൈര്യം കണ്ടപ്പോള്‍ അങ്ങനെ ചെയ്യാന്‍ തോന്നി’, നവ്ദീപ് പഞ്ചാബി ലോക് ചാനലിനോട് പറഞ്ഞു.
എന്നാല്‍ ഇതിന് പിന്നാലെ ഒരു പൊലീസുകാരന്‍ തന്നെ ലാത്തികൊണ്ട് അടിച്ചുവെന്നും നവ്ദീപ് പറഞ്ഞു. അതേസമയം ആ പൊലീസുകാരനോട് ദേഷ്യമില്ലെന്നും നവ്ദീപ് കൂട്ടിച്ചേര്‍ത്തു.
‘അദ്ദേഹം അദ്ദേഹത്തിന്റെ ജോലിയാണ് ചെയ്തത്. അദ്ദേഹവും ഒരു കര്‍ഷകന്റെ മകനാണ്’, നവ്ദീപ് പറഞ്ഞു.
നവ്ദീപിന്റെ അച്ഛനും സഹോദരനും പ്രതിഷേധത്തില്‍ ഭാഗമാണ്.