മലപ്പുറം: എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ഒന്നിച്ചു മത്സരിക്കുമെന്ന കോൺഗ്രസ് – ലീഗ് നേതാക്കളുടെ അവകാശവാദം ഇത്തവണയും മലപ്പുറത്ത് നടപ്പായില്ല. കരുവാരക്കുണ്ട്, പൊന്മുണ്ടം പഞ്ചായത്തുകളില്‍ കോൺഗ്രസും മുസ്ലിം ലീഗും വെവ്വേറെയായാണ് ഈ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നത്. കാലങ്ങളായി കോൺഗ്രസും മുസ്ലീം ലീഗും തമ്മില്‍ മുന്നണി ബന്ധമില്ലാത്ത പഞ്ചായത്തുകളാണ് പൊൻമുണ്ടവും കരുവാരകുണ്ടും. അതുകൊണ്ടുതന്നെ ഇത്തവണ കോൺഗ്രസ് ലീഗ് നേതാക്കള്‍ ആദ്യം മുതല്‍ ശ്രമിച്ചത് ഈ പഞ്ചായത്തുകളിലെ യുഡിഎഫ് ഐക്യത്തിനാണ്.
പല തവണകളായി നടത്തിയ പ്രാദേശിക ജില്ലാതല ചര്‍ച്ചകളിലും തീരുമാനമാകാതെ വന്നതോടെയാണ് ഈ രണ്ടു പഞ്ചായത്തുകളിലും കോൺഗ്രസും മുസ്ലീം ലീഗും വെവ്വേറെ മത്സരിക്കാൻ തീരുമാനിച്ചത്. മൂന്നു പാര്‍ട്ടികളും ഒറ്റക്ക് മത്സരിച്ച കരുവാരകുണ്ടില്‍ കഴിഞ്ഞ തവണ മുസ്ലീം ലീഗ് 9,കോൺഗ്രസ് 7,സിപിഎം 4 എന്നതായിരുന്നു കക്ഷിബലം.ഇവിടെ യുഡിഎഫ് സംവിധാനത്തിലേക്ക് വരാൻ മുസ്ലീം ലീഗ്- കോൺഗ്രസ് പ്രാദേശിക നേതൃത്വം ആദ്യം സമ്മതിച്ചിരുന്നെങ്കിലും സീറ്റു വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കം വീണ്ടും മുന്നണി പൊളിച്ചു. പൊന്മുണ്ടത്താകട്ടെ മുന്നണി ബന്ധത്തിന് കോൺഗ്രസ് താത്പര്യം കാണിച്ചില്ലെന്ന് മുസ്ലീം ലീഗും കൊള്ളരുതായ്മകള്‍ തിരുത്താൻ മുസ്ലിം ലീഗ് തയ്യാറായില്ലെന്ന് കോൺഗ്രസും കുറ്റപ്പെടുത്തി. കഴിഞ്ഞ തവണ ജില്ലയില്‍ 24 പഞ്ചായത്തുകളില്‍ മുസ്ലീം ലീഗും കോൺഗ്രസും മുന്നണിയില്ലാതെയാണ് മത്സരിച്ചിരുന്നത്.