ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ നിര്യാണത്തില്‍ ഒന്നടങ്കം അനുശോചിക്കുകയാണ് ലോകം. ഈ വേളയില്‍ അദ്ദേഹത്തിന്റെ പഴയ കാലവും രീതികളും ചിത്രങ്ങളും വീണ്ടും ചര്‍ച്ചയാവുകയും, വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്യുകയാണ്. അത്തരത്തില്‍ അദ്ദേഹത്തിന്റെ പ്രത്യേകതയായ എടുത്തു പറയാവുന്ന ഒന്നാണ് രണ്ട് കൈയിലും വാച്ച് കെട്ടിയിരുന്ന മറഡോണയുടെ ശീലം. ചുമ്മാ ഷോയിക്കല്ല, അതിന് പിന്നില്‍ പ്രശംസനീയമായ ഒരു കാരണവും ഉണ്ട്.
അര്‍ജന്റീനയ്ക്ക് പുറത്തു പോകുന്ന സമയങ്ങളിലാണ് മറഡോണ ഇത്തരത്തില്‍ രണ്ട് കൈയിലും വാച്ച് കെട്ടിയിരുന്നത്. ഒരു വാച്ചില്‍ അര്‍ജന്റീനയിലെ സമയവും മറ്റേ വാച്ചില്‍ താന്‍ ചെന്നെത്തിയ രാജ്യത്തെ സമയവുമായിരുന്നു മറഡോണ സെറ്റ് ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ ഈ രീതിയ്ക്ക് പല വിലയിരുത്തലുകളും ഉണ്ടായിട്ടുണ്ട്.
ലോകത്തിലെവിടെ സഞ്ചരിക്കുമ്പോഴും ജന്മനാടായ അര്‍ജന്റീനയെ ഉള്ളില്‍ സൂക്ഷിക്കുന്ന താരത്തിന്റെ മനസ്സാണ് ഇതിനു പിന്നിലെന്നാണ് ഏറ്റവും പ്രശംസനീയമായ വിലയിരുത്തല്‍. സെക്കന്റുകളുടെ അംശങ്ങള്‍ക്ക് പോലും വലിയ പ്രാധാന്യമുള്ള കളിക്കളത്തിലെ താരത്തിന് സമയത്തെക്കുറിച്ചുള്ള കൃത്യത കൊണ്ടാണ് ഇതെന്നാണ് മറ്റൊരു വിലയിരുത്തല്‍. എന്തായാലും കളിക്കളത്തിലെന്ന പോലെ പുറത്തും അദ്ദേഹം യുണിക് ആയിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മറഡോണയുടെ അന്ത്യം. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തു വരികെയാണ് മറഡോണയുടെ അപ്രതീക്ഷിത വിയോഗവാര്‍ത്തയും എത്തിയത്. 1986- ല്‍ അര്‍ജന്റീനയെ രണ്ടാംതവണ ലോകജേതാക്കളാക്കിയ ക്യാപ്റ്റനാണ് മറഡോണ. അര്‍ജന്റീനയ്ക്കായി 91 രാജ്യാന്തര മല്‍സരങ്ങളില്‍ നിന്നായി 34 ഗോളുകള്‍. 1982, 1986, 1990, 1994 ലോക കപ്പുകളില്‍ കളിച്ചു. 588 ക്ലബ് മല്‍സരങ്ങളില്‍ നിന്ന് 312 ഗോളുകള്‍ നേടി.