ഐ.പി.എല്‍ 13ാം സീസണില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. തകര്‍ച്ചയില്‍ നിന്ന് വന്‍കുതിച്ച് വരവ് നടത്തിയ ടീം 13ാം സീസണില്‍ മൂന്നാം സ്ഥാനക്കാരായാണ് മടങ്ങിയത്. ഇത്തവണ ഹൈദരാബാദ് നിരയില്‍ കൂടുതല്‍ കൈയടി നേടിയ താരം ന്യൂസീലന്‍ഡിന്റെ കെയ്ന്‍ വില്യംസണായിരുന്നു. അടുത്ത സീസണ് മുന്നോടിയായി മെഗാ ലേലം നടത്താന്‍ ബി.സി.സി.ഐ പദ്ധതിയിടുമ്പോള്‍ വില്യംസണിനെ ടീം വിട്ടുകളയുമോ എന്നാണ് ആരാധകര്‍ക്ക് ഇപ്പോള്‍ അറിയേണ്ടത്. അതിന് ഉത്തരവുമായി രംഗത്ത് വന്നിരിക്കുകയാണ് ടീം നായകന്‍ ഡേവിഡ് വാര്‍ണര്‍.‘ആരും വിഷമിക്കേണ്ട അവനെ നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല’ എന്നാണ് വാര്‍ണര്‍ പറഞ്ഞിരിക്കുന്നത്. 12 മത്സരത്തില്‍ നിന്ന് 317 റണ്‍സാണ് വില്യംസണ്‍ നേടിയത്. ടീം കൂട്ടത്തകര്‍ച്ച നേരിടുമ്പോള്‍ ഒറ്റക്ക് ടീമിനെ കരകയറ്റാനുള്ള മികവാണ് വില്യംസണെ ടീമിനും ആരാധകര്‍ക്കും പ്രിയപ്പെട്ടവനാക്കുന്നത്.
മെഗാലേലം ഉണ്ടായാല്‍ ഹൈദരാബാദ് ആരെയൊക്കെയാവും നിലനിര്‍ത്തുക എന്നത് കണ്ട് തന്നെയറിയണം. ഡേവിഡ് വാര്‍ണര്‍, റാഷിദ് ഖാന്‍ എന്നിവരെ എന്തായാലും നിലനിര്‍ത്തും. മനീഷ് പാണ്ഡെയേയും കെയ്ന്‍ വില്യംസണേയും നിലനിര്‍ത്തിയാല്‍ മറ്റ് ചില മികച്ച താരങ്ങളെ വിട്ടുകൊടുക്കേണ്ടി വരും.
ഐ.പി.എല്‍ 14ാം സീസണ്‍ ഏപ്രില്‍-മെയ് മാസങ്ങളില്‍ തന്നെ നടക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യ തന്നെയാവും ടൂര്‍ണമെന്റിന് വേദിയാവുക.