പളനി: തമിഴ്നാട്ടിലെ പളനിയിൽ പട്ടാപ്പകൽ നടുറോഡിൽ വെടിവയ്പ്പ്. അതിർത്തി തർക്കത്തിന്‍റെ പേരിലാണ് തീയേറ്റർ ഉടമ സമീപവാസികളെ വെടിവച്ചത്. വെടിവയ്പ്പിന് ശേഷം ഒളിവിൽ പോയ തീയേറ്റർ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. പന്ത്രണ്ട് സെന്‍റ് സ്ഥലത്തിന്‍റെ പേരിൽ തുടങ്ങിയ തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചത്.
പളനി അപ്പാർ സ്ട്രീറ്റിലെ തീയേറ്റർ ഉടമയും ബിസിനസുകാരനുമായ നടരാജനാണ് സമീപവാസികൾക്ക് നേരെ വെടിയുതിർത്തത്. തീയേറ്റർ ഉടമയായ നടരാജനും തൊട്ടുസമീപത്തെ ഭൂമിയുടെ ഉടമയായ ഇളങ്കോവനും തമ്മിൽ അതിർത്തി തർക്കം പതിവായിരുന്നു.
തീയേറ്ററിന്‍റെ പാർക്കിങ്ങ് എരിയക്കായി നിശ്ചയിച്ചിരുന്ന സ്ഥലം സമീപത്തെ തന്‍റെ ഭൂമി കൈയേറി ആണെന്ന് ഇളങ്കോവൻ വാദിച്ചിരുന്നു. കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കൊപ്പമെത്തി ഇളങ്കോവൻ സ്ഥലത്ത് വേലി സ്ഥാപിച്ചു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ തീയേറ്റർ ഉടമ നടരാജൻ കാറിൽ നിന്ന് ഇറങ്ങിയ ഉടൻ കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു.
കർഷകനായ ഇളങ്കോവന്‍റെയും രണ്ട് സുഹൃത്തുക്കളുടെയും വയറിലും കാലിലും വെടിയേറ്റു. വെടിയൊച്ച കേട്ടെത്തിയ പ്രദേശവാസികൾ കല്ലും മരകഷ്ണങ്ങളും എറിയാൻ തുടങ്ങിയതോടെ നടരാജൻ സ്ഥലത്ത് നിന്ന് മടങ്ങി. പിന്നീട് ഒളിവിൽ പോയ നടരാജനെ സുഹൃത്തിന്‍റെ ഫാം ഹൗസിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. തോക്കിന് ലൈസൻസ് ഇല്ലെന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റ ഇളങ്കോവനും സുഹൃത്തുക്കളും ചികിത്സയിലാണ്.