ഹൈദരാബാദ്∙ കനത്ത മഴയിൽ വെള്ളം പൊങ്ങിയതിനെത്തുടർന്ന് ഹൈദരാബാദിൽ ഒരാൾ ഒലിച്ചുപോയി. ഇയാളെ രക്ഷപ്പെടുത്തിയോ എന്ന് വ്യക്തമായിട്ടില്ല. നഗരത്തിലെ ബർക്കാസിൽനിന്നുള്ള ഞെട്ടിക്കുന്ന വിഡിയോയിലാണ് ശക്തമായ മഴവെള്ളപ്പാച്ചിലിൽ ഒരാൾ ഒഴുകിപ്പോകുന്നത് ദൃശ്യമായിരിക്കുന്നത്.
ഒഴുകിപ്പോകുന്നതിനിടെ എവിടെയൊക്കെയോ അയാൾ പിടിക്കാൻ ശ്രമിക്കുന്നത് വിഡിയോയിൽനിന്നു വ്യക്തമാണ്. എന്നാൽ ശക്തമായ ഒഴുക്കിൽ സാധിക്കാതെ പോകുന്നു. രക്ഷപ്പെടുത്താനായി ടയർ ഇട്ടുകൊടുക്കുന്നുമുണ്ട്. വാഹനങ്ങളും ഒഴുക്കിൽ ഒലിച്ചുപോകുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.
അതിനിടെ, കനത്ത മഴയെത്തുടർന്ന് ഹൈദരാബാദിൽ മതിൽ തകർന്നു വീണ് രണ്ടു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 9 പേർ മരിച്ചു. ചൊവ്വാഴ്ച വൈകിട്ടുണ്ടായ കനത്ത മഴയിൽ പത്തു വീടുകൾക്കു മുകളിലേക്കാണ് മതിൽ മറിഞ്ഞു വീണത്. അവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനജീവിതം സ്തംഭിച്ച നിലയിലാണ്. പലയിടങ്ങളിലും വെള്ളം പൊങ്ങിയിട്ടുണ്ട്.
കഴിഞ്ഞ മൂന്നു ദിവസമായി തെലങ്കാനയിലും ആന്ധ്ര പ്രദേശിലും കനത്ത മഴയാണ്. അവസാന 48 മണിക്കൂറിൽ തെലങ്കാനയിൽ 12 പേരാണ് മരിച്ചത്. തെലങ്കാനയിലെ 14 ജില്ലകളിലും മഴക്കെടുതിയുണ്ട്.