തനിഷ്‌ക ജ്വല്ലറിയുടെ പുതിയ പരസ്യം ലൗജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ജ്വല്ലറിക്കെതിരെ സംഘപരിവാര്‍ അനുകൂലികളുടെ ബഹിഷ്‌കരണ ആഹ്വാനം. ദീപാവലിക്ക് മുന്നോടിയായി തനിഷ്‌ക ജ്വല്ലറി ഇറക്കിയ പുതിയ പരസ്യത്തിന് എതിരെയാണ് ലൗജിഹാദ് ആരോപണവുമായി സംഘപരിവാര്‍ അനുകൂലികള്‍ രംഗത്ത് വന്നിരിക്കുന്നത്. ഹിന്ദു യുവതിയുടെ ഗര്‍ഭകാല ചടങ്ങുകള്‍ മുസ്ലീംകുടുംബത്തില്‍ നടക്കുന്നതാണ് പരസ്യത്തിലുള്ളത്. ഇതാണ് തീവ്ര ഹിന്ദു ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്. തുടര്‍ന്നാണ് ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ച് ജ്വല്ലറിക്ക് എതിരെ ബഹിഷ്‌കരണ ക്യാമ്പെയ്ന്‍ തുടങ്ങിയത്.
മുസ്ലിം യുവാവ് വിവാഹം കഴിച്ച യുവതി ഗര്‍ഭിണിയായപ്പോഴുള്ള ചടങ്ങുകളാണ് പരസ്യത്തില്‍ കാണിക്കുന്നത്. ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഭര്‍തൃഗൃഹത്തില്‍ നടത്തുന്നു. മുസ്ലിം വീടുകളില്‍ നടത്താറുള്ള ചടങ്ങുകളല്ലല്ലോയെന്ന് മരുമകള്‍ അമ്മായിയമ്മയോട് ചോദിക്കുമ്പോള്‍ ചടങ്ങുകള്‍ പാരമ്പര്യമല്ലെന്നും പെണ്‍കുട്ടി സന്തോഷവതിയായി ഇരിക്കുകയെന്നതാണ് എല്ലാ വീടുകളുടെയും പാരമ്പര്യമെന്ന് അവര്‍ മറുപടി നല്‍കുന്നു. ദീപാവലിക്ക് മുന്നോടിയായി ഇറക്കിയ ഏകത്വം എന്ന് പേരിട്ടിരിക്കുന്ന ആഭരണശേഖരത്തിന്റെ പരസ്യമാണിത്. മതത്തിനും പാരമ്പര്യത്തിനും അപ്പുറമാണ് സ്‌നേഹബന്ധമെന്നാണ് പരസ്യം ചൂണ്ടിക്കാണിക്കുന്നത്.
ഇതാണ് സംഘപരിവാര്‍ അനുകൂലികളെ ചൊടിപ്പിച്ചത്. ഹിന്ദു യുവതികള്‍ മുസ്ലിമിനെ വിവാഹം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് തനിഷ്‌കിന്റെ പരസ്യമെന്നും ട്വിറ്റര്‍ കാമ്പെയിനില്‍ പറയുന്നു. ടാറ്റയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുതെന്നും ചിലര്‍ ട്വീറ്റ് ചെയ്യുന്നു. നിരവധി പ്രമുഖരായ ബിജെപി നേതാക്കളും വിദ്വേഷ പ്രചരണം നടത്തുന്നുണ്ട്.