കൊച്ചി∙ സ്വർണക്കടത്തിലൂടെ ലാഭമുണ്ടാക്കിയവരുടെ പട്ടിക സമർപ്പിക്കാൻ എൻഐഎ കോടതിയുടെ നിർദേശം. കേസിൽ കസ്റ്റഡിയിലുള്ള ഏഴു പേരുടെ ജാമ്യാപേക്ഷ സമർപ്പിക്കുമ്പോഴാണ് കോടതി ഇക്കാര്യം പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടത്. എഫ്ഐആറിൽ പ്രതികൾക്കെതിരായി ചുമത്തിയിട്ടുള്ള കുറ്റങ്ങളുടെ തെളിവ് എന്താണെന്ന് ബോധിപ്പിക്കണം. കേസ് ഡയറിയിൽ ഇത് വ്യക്തമാക്കുന്ന ഭാഗങ്ങൾ മാർക്ക് ചെയ്ത് നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണ ഏജൻസികൾ കസ്റ്റംസ്, യുഎപിഎ വകുപ്പുകൾ വളരെ ലാഘവത്തോടെ എടുത്ത് കുറ്റം ചുമത്തിയിരിക്കുകയാണെന്ന് പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ വാദിച്ചു. ഇത് നികുതി വെട്ടിപ്പ് കേസുകൾ ഉൾപ്പടെയുള്ളവയെ ഭീകരവാദത്തിന്റെ പട്ടികയിലേക്ക് കൊണ്ടുവരുന്നതിലേക്ക് കാര്യങ്ങളെ എത്തിക്കുമെന്ന് ചൂണ്ടിക്കാണിച്ചു.
ഇത് അനുവദിക്കരുതെന്ന് അഭ്യർഥിച്ചപ്പോഴാണ് എൻഐഎ കോടതി അന്വേഷണ സംഘത്തോട് പ്രതികളുടെ എഫ്ഐആറിൽ ചുമത്തിയിട്ടുള്ള കുറ്റങ്ങൾക്ക് തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ടത്. അടുത്ത ദിവസം ഇതിന് സാധിക്കാത്ത പക്ഷം പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളുടെ ജാമ്യാപേക്ഷയിലുള്ള ഹർജി നാളെ പരിഗണിക്കും.