സംഘ്പരിവാര്‍ ഭീഷണി; വീഡിയോ പരസ്യം പിന്‍വലിച്ച് തനിഷ്‌ക്

0
413

മുംബൈ: സംഘ് പരിവാര്‍ ഭീഷണിയെ തുടര്‍ന്ന് ഹിന്ദു-മുസ്‌ലിം ദമ്പതികളുടെ കഥ പറഞ്ഞ വീഡിയോ പരസ്യം പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്‌ക് പിന്‍വലിച്ചു. പരസ്യത്തെ ചൊല്ലി സാമൂഹിക മാധ്യമങ്ങളില്‍ ജ്വല്ലറിയെ ബഹിഷ്‌കരിക്കണം എന്നാവശ്യപ്പെട്ട് ക്യാംപയിനുകള്‍ നടന്നിരുന്നു. ഇതിനു പിന്നാലെയാണ് വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ നിന്ന് പിന്‍വലിച്ചത്.

ബ്രാന്‍ഡിന് വേണ്ടി ചെയ്ത ഒരു പരസ്യമാണ് ട്വിറ്ററിലെ തീവ്രഹിന്ദു ഉപഭോക്താക്കളെ ചൊടിപ്പിച്ചത്. ഹിന്ദുമുസ്‌ലിം ദമ്പതികളുടെ കഥയാണ് പരസ്യത്തിലുള്ളത്. മുസ്‌ലിം കുടുംബത്തിലേക്ക് വിവാഹം ചെയ്തയച്ച ഹിന്ദു പെണ്‍കുട്ടിയുടെ കഥയാണ് പരസ്യത്തില്‍. യുവതി ഗര്‍ഭിയായ നേരത്ത് ഇവര്‍ക്ക് ആചാര പ്രകാരം കാണിക്കയും സമ്മാനവും ഒരുക്കുന്നതാണ് പരസ്യചിത്രത്തിലെ ഇതിവൃത്തം. പരസ്യം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ചിലര്‍ പ്രചരിപ്പിച്ചിരുന്നത്.

ഇതിനു പിന്നാലെയാണ് തനിഷ്‌ക് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹാഷ് ടാഗ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ഹാഷ് ടാഗ് തിങ്കളാഴ്ച ട്വിറ്ററില്‍ ട്രന്‍ഡിങായിരുന്നു.

ടാറ്റയുടെ ഒരു ഉത്പന്നം പോലും ഇനി മുതല്‍ വാങ്ങില്ല എന്നായിരുന്നു ഒരാള്‍ പ്രതികരിച്ചിരുന്നത്. പരസ്യത്തിലൂടെ ഗൂഢാലോചന കാണിക്കുന്നത് നിര്‍ത്തൂ എന്നായിരുന്നു ഒരാളുടെ പ്രതികരണം. അതേസമയം, ഇതില്‍ എന്താണ് തെറ്റ് എന്നും ചിലര്‍ ചോദിച്ചിരുന്നു.

പരസ്യം പിന്‍വലിച്ചതില്‍ ഹര്‍ഷ് ഗോയങ്ക, ശോഭ ഡേ തുടങ്ങിയ സെലിബ്രിറ്റികള്‍ നിരാശ പ്രകടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here