രാത്രി ഉറക്കമില്ലാതെ മൊബൈൽ ഫോണുമായി ഇരുന്നതുകൊണ്ട് മാത്രം 18കാരൻ രക്ഷിച്ചത് ഒട്ടേറെ മനുഷ്യരുടെ ജീവനാണ്. മഹാരാഷ്ട്രയിൽ നിന്നാണ് ഈ വാർത്ത. 18കാരനായ കുനാല്‍ മോഹിതെ രാത്രി ഉറങ്ങതാതെ വെബ്സീരീസ് കാണുന്നത് പതിവാണ്. ഇന്നലെ രാത്രി ആ ഇരിപ്പ് വലിയ ഒരു ദുരന്തത്തിൽ നിന്നും അയൽക്കാരെ രക്ഷിച്ചു.
75 പേർ താമസിക്കുന്ന ഒരു കെട്ടിടത്തിലാണ് കുനാലിന്റേയും താമസം. പുലർച്ചെ നാലുമണിയോടെ വെബ് സീരീസ് കണ്ടിരുന്ന യുവാവിന് വീടിന്റെ അടുക്കള ഭാഗം കുലുങ്ങുന്നതായി തോന്നി. താമസിക്കുന്ന കെട്ടിടം തകരുകയാണെന്ന് മനസിലാക്കിയ കുനാൽ നടത്തിയ പ്രവർത്തനം ആ വീട്ടുകാരെയും അയൽക്കാരെയും രക്ഷപ്പെടുത്തി.
വീട്ടുകാരെ വിളിച്ചുണർത്തി പുറത്തെത്തിച്ച ശേഷം അയൽക്കാരെയും യുവാവ് വിവരം അറിയിച്ചു. എല്ലാവരും അതിവേഗം പുറത്തുകടന്ന് നിമിഷങ്ങൾക്കുള്ളിൽ വലിയ കെട്ടിടം പൂർണമായും തകർന്നു.കെട്ടിടം അപകടാവസ്ഥയിലാണെന്നും എല്ലാവരും മാറണമെന്നും ഒൻപത് മാസം മുന്നേ അറിയിപ്പ് നല്‍കിയിരുന്നതായി അധികൃതര്‍ അറിയിച്ചു.