കൊല്ലം: കൊട്ടിയം സ്വദേശിനി റംസി ആത്മഹത്യ ചെയ്ത കേസിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിനും, ഭർത്താവ് അസറുദീനും കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ.കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്ത ലക്ഷ്മിയ്ക്കും ഭർത്താവിനും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
പ്രതിശ്രുത വരൻ ഹാരിസ് വിവാഹത്തിൽ നിന്നും പിൻമാറിയതിൽ മനംനൊന്താണ് റംസി ആത്മഹത്യ ചെയ്തത്. ഇയാളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി. വിവാഹത്തിൽ നിന്നു പിന്മാറാൻ ലക്ഷ്മിയും ഭർത്താവും റംസിയെ നിർബന്ധിച്ചതായി ആരോപണമുണ്ട്.
സെപ്തംബർ മൂന്നിനാണ് റംസി ജീവനൊടുക്കിയത്. മൃതദേഹം വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ലക്ഷ്മിയ്ക്കും ഭർത്താവിനും ഹാരിഷിന്റെ മാതാപിതാക്കൾക്കും സംഭവത്തിൽ പങ്കുണ്ടെന്ന് മരിച്ച യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു.