നവംബര്‍ അവസാനം ആരംഭിക്കാനിരിക്കുന്ന ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ബി.സി.സി.ഐ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി. ഓപ്പണര്‍ രോഹിത് ശര്‍മ്മയെ ഒഴിവാക്കിയാണ് മൂന്ന് ഫോര്‍മാറ്റിലേക്കുമുള്ള ടീമിനെ പ്രഖ്യാപിച്ചത്. എന്നാല്‍ രോഹിത്തിനെ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നില്ല. അതിനാല്‍ ഇതിനെ നിരവധി അഭ്യൂഹങ്ങളും തലപൊക്കിയിരുന്നു. ഇപ്പോഴിതാ രോഹിത്തിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫിസിയോ നിതിന്‍ പട്ടേല്‍. അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റി നിതിന്‍ പട്ടേലിന്റെ നിര്‍ദേശം അനുസരിച്ചാണ് രോഹിത്തിനെ ഓസീസ് പര്യടനത്തില്‍ നിന്നും ഒഴിവാക്കിയത്.
രോഹിത്തിന് രണ്ടു മൂന്നാഴ്ച്ച വിശ്രമം വേണമെന്നാണ് രണ്ട് സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ ഫിസിയോയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിനെ തുടര്‍ന്ന് ടീമിനെ തിരഞ്ഞെടുക്കുന്ന ദിവസത്തിന്റെ തലേന്ന് നിതിന്‍ പട്ടേല്‍ രോഹിത് കളിക്കാനുണ്ടാവില്ലെന്ന് ചൂണ്ടിക്കാട്ടി വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് സെലക്ഷന്‍ കമ്മിറ്റിക്ക് കൈമാറിയിരുന്നു. ഇതിനെ തുടര്‍ന്നാണ് രോഹിത്തിനെ ഓസീസ് പര്യടത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത്.
നവംബര്‍ 27-നാണ് ഓസീസിന് എതിരായുള്ള ഇന്ത്യയുടെ മത്സരങ്ങള്‍ തുടങ്ങുന്നത്. രോഹിത് അതിന് മുമ്പേ സജ്ജമായാല്‍ കളിക്കാനിറങ്ങുമെന്ന് തന്നെയാണ് സൂചന. ഐ.പി.എല്‍ കഴിയുന്നതോടെ തന്നെ രോഹിത് ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക് തിരിച്ചേക്കും. ആദ്യ മത്സരത്തിന് മുമ്പ് പരിക്ക് ഭേദമായാല്‍ രോഹിത് ഉറപ്പായും പരിശീലന മത്സരവും കളിച്ചേക്കും.
മൂന്നു ആഴ്ച വിശ്രമം വേണമെങ്കില്‍ രോഹിത് ഇനിയുള്ള ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് ഉണ്ടാകില്ലേ എന്ന ചോദ്യം ഉയരുന്നുണ്ട്. രോഹിത്തിനെ ഒഴിവാക്കി ടീം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ രോഹിത് നെറ്റ്സില്‍ പരിശീലിക്കുന്ന ചിത്രം മുംബൈ ഇന്ത്യന്‍സ് പങ്കുവെച്ചിരുന്നു. അതിനാല്‍ തന്നെ ഫിസിയോയുടെ വിശദീകരണം സംഭവത്തിന്റെ പുകമറ പൂര്‍ണമായും മാറ്റിയിട്ടില്ല.