മുംബയ്: വാണിജ്യ തലസ്ഥനായ മുംബയിലെ ഷോപ്പിംഗ് മാളിൽ വൻ തീപിടിത്തം. തീപിടിത്തത്തെ തുടർന്ന് മാളിന്റെ പരിസരത്ത് താമസിക്കുന്ന മൂവായിരത്തി അഞ്ഞൂറോളം പേരെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി വൈകിയാണ് മുംബയ് നഗരത്തെ ഞെട്ടിച്ച തീപിടത്തമുണ്ടായത്. സെൻട്രൽ മുംബയിലെ നാഗ്‌പടയിലുളള സിറ്റി സെൻട്രൽ മാളിലാണ് തീപിടിത്തമുണ്ടായത്.
തീ അണയ്‌ക്കാനുളള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. മാളിനോട് ചേർന്നുളള 55 നില കെട്ടിടത്തിലെ താമസക്കാരെ അവരുടെ സുരക്ഷയെ കരുതിയാണ് മാറ്റിയതെന്ന് അധികൃതർ അറിയിച്ചു.
തീ അണയ്‌ക്കാനുളള ശ്രമത്തിനിടെ രണ്ട് അഗ്നിശമനസേനാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. 24 ഫയർ ട്രക്കുകളാണ് തീ അണയ്‌ക്കാനായി എത്തിയിട്ടുളളത്. മുംബയ് ചീഫ് ഫയർ ഓഫീസർ ശശികാന്ത് കേലെ ഉൾപ്പടെ 250ഓളം അഗ്നിശമന സേനാംഗങ്ങൾ തീ കെടുത്താനായി പ്രവർത്തിക്കുകയാണ്. മുംബയ് മേയർ കിഷോരി പെഡ്‌നേക്കറും മറ്റ് ഉദ്യോഗസ്ഥരും ഇന്നലെ രാത്രി തന്നെ സംഭവസ്ഥലം സന്ദർശിച്ചു.