തൃശ്ശൂര്‍: സംസ്ഥാനത്ത് 16 ഇനം പഴം – പച്ചക്കറികള്‍ക്ക് അടിസ്ഥാന വില നിശ്ചയിച്ചു. സംസ്ഥാന വില നിര്‍ണയ ബോര്‍ഡിന്റെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വില നിശ്ചയിച്ചത്.
മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് കൃഷിവകുപ്പ്, സഹകരണവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നീ വകുപ്പുകള്‍ സംയുക്തമായി പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതി നവംബര്‍ 1 മുതല്‍ നിലവില്‍ വരും. നിലവില്‍ അടിസ്ഥാന വില നിശ്ചയിച്ചതിനേക്കാള്‍ വില ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ താഴ്ന്നാല്‍ മേല്‍പറഞ്ഞ വില നല്‍കി സര്‍ക്കാര്‍ ഇവ സംഭരിക്കും.
ഈ തുക കര്‍ഷകരുടെ അക്കൗണ്ടിലേക്കാണ് എത്തുക. വിള ഇന്‍ഷൂര്‍ ചെയ്ത ശേഷം കൃഷി വകുപ്പിന്റെ രജിസ്ട്രേഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
രജിസ്‌ട്രേഷന്‍ നവംബര്‍ ഒന്ന് മുതലാണ് ആരംഭിക്കുന്നത്. അതേസമയം പ്രൈമറി അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് കോ ഓപറേറ്റീവ് സൊസൈറ്റി വഴി സംഭരണം ഉദ്ദേശിക്കുന്ന കര്‍ഷകര്‍ക്ക് ആദ്യഘട്ടത്തില്‍ തല്‍ക്കാലം രജിസ്ട്രേഷന്‍ നിര്‍ബദ്ദമാക്കിയിട്ടില്ല.
അതേസമയം തറവില പ്രഖ്യാപിക്കപ്പെട്ടാല്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ കൃഷി വകുപ്പിന്റെ നോട്ടിഫൈഡ് സൊസൈറ്റികളിലോ സംഭരണ കേന്ദ്രങ്ങളിലോ എത്തിക്കണം. ഇവ കൃഷി വകുപ്പിന്റെ വിപണികളിലൂടെയും തെരഞ്ഞെടുക്കപ്പെട്ട വിപണന ശൃംഖല വഴിയോ വിറ്റഴിക്കും.
കൂടുതലായി വരുന്ന ഉല്‍പ്പന്നങ്ങള്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ആക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.. ഇവ കേടു കൂടാതെ സംരക്ഷിക്കാനുള്ള സംവിധാനങ്ങളും ശീതീകരണ സംഭരണികളും ഉല്‍പ്പാദന സ്ഥലത്ത് നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ട് പോകാന്‍ ഫ്രീസര്‍ ഘടിപ്പിച്ച വാഹനങ്ങളും സജ്ജമാക്കാനാണ് തീരുമാനം.
തൃശൂര്‍ ജില്ലാ ആസൂത്രണ ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.ആദ്യഘട്ടത്തില്‍ കൃഷിവകുപ്പിന്റെ കീഴില്‍ ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്പി.സി.കെ എന്നീ ഏജന്‍സികള്‍ വഴി 300 സംഭരണ വിപണന കേന്ദ്രങ്ങളും സഹകരണവകുപ്പിന്റെ 250 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സൊസൈറ്റികളിലെ സംഭരണ വിപണന കേന്ദ്രങ്ങളും വഴിയാണ് ശേഖരിക്കുക.
ഉല്‍പന്നങ്ങളുടെ വില:
മരച്ചീനി – 12
നേന്ത്രക്കായ-30,
വയനാടന്‍ നേന്ത്രന്‍-24,
കൈതച്ചക്ക-15,
കുമ്പളം-9,
വെള്ളരി-8,
പാവല്‍-30,
പടവലം-16,
വള്ളിപ്പയര്‍-34,
തക്കാളി-8,
വെണ്ട-20,
ക്യാബേജ്-11,
ക്യാരറ്റ്-21,
ഉരുളക്കിഴങ്ങ്-20,
ബീന്‍സ്-28,
ബീറ്റ്റൂട്ട്-21,
വെളുത്തുള്ളി -139 രൂപ