ബുമ്രയേക്കാള്‍ മികച്ച യോര്‍ക്കറുകള്‍ ഷമിയുടേത്; പ്രശംസയുമായി മുന്‍ താരം

0
498

ദുബായ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്- കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സൂപ്പര്‍ ഓവര്‍ പോരാട്ടത്തിന്‍റെ ത്രില്ല് കെട്ടടങ്ങുന്നില്ല. രണ്ട് സൂപ്പര്‍ ഓവറുകള്‍ കണ്ട മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍മാരായ ജസ്‌പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും മിന്നലായി. കുറിക്കുകൊള്ളുന്ന യോര്‍ക്കറുകളായിരുന്നു ഇരുവരുടെയും ആയുധം. സൂപ്പര്‍ ഓവറില്‍ ബുമ്രയേക്കാള്‍ മികച്ച യോര്‍ക്കറുകള്‍ എറിഞ്ഞത് ഷമിയാണ് എന്ന് നിരീക്ഷിക്കുന്നു ഇന്ത്യന്‍ മുന്‍ താരം അജയ് ജഡേജ. 

‘ബുമ്രയുടെ ഓവറില്‍ നാല് പന്തുകള്‍ യോര്‍ക്കര്‍ ശ്രമം പാളി ഫുള്‍ട്ടോസായിരുന്നു. രണ്ടെണ്ണം മാത്രമാണ് യോര്‍ക്കറായത്. എന്നാല്‍ ആറ് എന്ന ചെറിയ റണ്‍സ് പ്രതിരോധിക്കാന്‍ വന്ന ഷമി സമ്മര്‍ദങ്ങള്‍ക്കിടയിലും നന്നായി യോര്‍ക്കറുകള്‍ എറിഞ്ഞു’ എന്നാണ് ജഡേജയുടെ വാക്കുകള്‍. മുംബൈ- പഞ്ചാബ് മത്സരത്തിന് ശേഷം ക്രിക്‌ബസിന്‍റെ വിശകലന ചര്‍ച്ചയിലാണ് അജയ് ജഡേജയുടെ വാക്കുകള്‍. 

ആദ്യ സൂപ്പര്‍ ഓവറില്‍ നിക്കോളാസ് പുരാന്‍, കെ എല്‍ രാഹുല്‍ എന്നിവരുടെ വിക്കറ്റുകള്‍ സഹിതം പഞ്ചാബിന്‍റെ സ്‌കോര്‍ 5/2ലൊതുക്കി ബുമ്ര. മുംബൈയുടെ മറുപടി ബാറ്റിംഗില്‍ അപകടകാരികളായ രോഹിത് ശര്‍മ്മയും ക്വിന്‍റണ്‍ ഡിക്കോക്കും ക്രീസില്‍ നില്‍ക്കേ ഷമിക്ക് ഈ സ്‌കോര്‍ പ്രതിരോധിക്കാന്‍ കഴിയുമോ എന്ന് സംശയിച്ചവരുണ്ട്. എന്നാല്‍ സമ്മര്‍ദത്തെ അതിജീവിച്ച് തകര്‍പ്പന്‍ യോര്‍ക്കറുകളുമായി ഷമി ഞെട്ടിക്കുകയായിരുന്നു. 

ഷമിയുടെ ഓവറിലും സ്‌കോര്‍ തുല്യമായതോടെയാണ് മത്സരം സൂപ്പര്‍ ഓവര്‍ 2.0യിലേക്ക് കടന്നതും പഞ്ചാബ് ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയതും. നേരത്തെ നിശ്ചിത 20 ഓവറില്‍ 176 റണ്‍സുമായി ഇരു ടീമും സമനില പാലിക്കുകയായിരുന്നു.  

LEAVE A REPLY

Please enter your comment!
Please enter your name here