ഹൈദരാബാദ്: തെലങ്കാനയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ദുബ്ബകില്‍ ബിജെപി സ്ഥാനാർഥിയുടെ ബന്ധുവിന്റെ വീട്ടിൽ നിന്നും 18.67 ലക്ഷം രൂപ പിടികൂടി. പൊലീസ് ഈ പണമടങ്ങിയ ബാഗുമായി പുറത്തിറങ്ങവേ ബിജെപി പ്രവര്‍ത്തകര്‍ തട്ടിപ്പറിച്ചോടുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 12 ലക്ഷം രൂപ ബിജെപി പ്രവര്‍ത്തകര്‍ കൊണ്ടുപോയെന്നാണ് പൊലീസ് പറഞ്ഞത്.
ബിജെപി സ്ഥാനാര്‍ഥി രഘുനന്ദന്‍റെ ബന്ധു സുരഭി അഞ്ജന്‍ റാവുവിന്‍റെ വീട്ടില്‍ നിന്നാണ് സിദിപേട് പൊലീസ് പണം പിടികൂടിയത്. എന്നാല്‍ പൊലീസ് തന്നെ പണം കൊണ്ടുവന്ന് സ്ഥാനാര്‍ഥിയുടെ ബന്ധുവിന്‍റെ വീട്ടില്‍ കൊണ്ടുപോയി വെക്കുകയായിരുന്നുവെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. പ്രവര്‍ത്തകര്‍ കൂട്ടത്തോടെയെത്തി പൊലീസുമായി പിടിവലി നടത്തുന്നത് ദൃശ്യത്തില്‍ കാണാം.
12 ലക്ഷം രൂപ ബിജെപി പ്രവര്‍ത്തകര്‍ കൊണ്ടുപോയെന്നും ബാക്കിയുള്ള 5,87,000 പിടിച്ചെടുത്തെന്നും സിദിപേട് കമ്മീഷണര്‍ ജോയല്‍ ഡേവിസ് പറഞ്ഞു. മൂന്ന് സ്ഥലങ്ങളിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. ഇതില്‍ സിദിപേട് മുന്‍സിപ്പല്‍ ചെയര്‍മാന്‍റെ വീടുമുണ്ട്. റെയ്ഡ് നടന്ന വീട്ടിലെത്തിയ ബിജെപി തെലങ്കാന അധ്യക്ഷന്‍ ബാന്ദി സഞ്ജയ് കുമാറിനെ പൊലീസ് തടഞ്ഞുവെച്ചു.
സെര്‍ച്ച് വാറണ്ട് പോലുമില്ലാതെ പൊലീസ് തന്‍റെ വാഹനം 20 തവണ പരിശോധിച്ചെന്ന് ബിജെപി സ്ഥാനാര്‍ഥി രഘുനന്ദന്‍ പ്രതികരിച്ചു. വീട്ടിലും റെയ്ഡ് നടത്തി. വാറണ്ട് ചോദിച്ചപ്പോള്‍ പൊലീസ് ഭീഷണിപ്പെടുത്തി. തന്നെ നിയമവിരുദ്ധമായി വേട്ടയാടുകയാണെന്നും രഘുനന്ദന്‍ ആരോപിച്ചു.