പ്രമേഹം, രക്തസമ്മർദം, അർബുദം,വൃക്കരോഗം എന്നിവയുള്ളവരിൽ കൊവിഡ് മരണനിരക്ക് കൂടുതൽ

0
178

തിരുവനന്തപുരം: (www.mediavisionnews.in) പ്രമേഹം , ഉയര്‍ന്ന രക്തസമ്മര്‍ദം , അര്‍ബുദം , വൃക്കരോഗം എന്നീ രോഗങ്ങള്‍ ഉള്ളവരില്‍ കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് കൂടുതലെന്ന് ആരോഗ്യവകുപ്പ്. ഡയാലിസിസ്, അര്‍ബുദ ചികിൽസ കേന്ദ്രങ്ങളില്‍ അണുബാധ നിയന്ത്രണം ശക്തിപ്പെടുത്താനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഓഗസ്റ്റ് മാസത്തിലെ കൊവിഡ് മരണ അവലോകന റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശങ്ങള്‍ ഉള്ളത്.

ഓഗസ്റ്റ് മാസത്തില്‍ സംഭവിച്ച 252 മരണങ്ങളില്‍ 223 ഉം കൊവിഡ് ബാധിച്ചാണ്. കൊവിഡിനൊപ്പം മറ്റ് അസുഖങ്ങൾ കൂടി ഉണ്ടായിരുന്നവരാണ് മരിച്ചവരിൽ ഭൂരിഭാഗവും. മരിച്ചവരില്‍ 120 പേര്‍ കടുത്ത പ്രമേഹം ഉള്ളവരായിരുന്നു. ശതമാനക്കണക്കിലത് 47.6 ശതമാനം. ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായിരുന്ന 116 പേര്‍ക്കും മരണം സംഭവിച്ചു. ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്ന 54 പേരും  വൃക്കരോഗികളായ 36 പേരും മരിച്ചു. ഓഗസ്റ്റ് മാസത്തില്‍ മരിച്ച 15 പേര്‍ അര്‍ബുദ രോഗികളായിരുന്നു.  

ഇത്തരക്കാര്‍ ചികില്‍സക്കെത്തുന്ന ഇടങ്ങള്‍ അണുബാധ മുക്തമാകണമെന്നാണ് നിര്‍ദേശം. റിവേഴ്സ് ക്വാറൈന്‍റനില്‍ വരുത്തിയ വീഴ്ച കാരണം ഉണ്ടായത് 61 മരണങ്ങള്‍. മരിച്ചശേഷം 13 പേരില്‍ കൊവിഡ് കണ്ടെത്തി. അതുകൊണ്ട് തന്നെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചാൽ കൊവിഡ് പരിശോധന കര്‍ശനമായി നടത്തണമെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു. 

ഓഗസ്റ്റ് മാസത്തിലെ മരണങ്ങളില്‍ കൂടുതല്‍ പുരുഷൻമാരാണ്. 157 പുരുഷന്മാരും 66 സ്ത്രീകളുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഏറ്റവും കൂടുതൽ പേര്‍ മരിച്ചത് കൊല്ലത്താണ്. 34പേര്‍. തൊട്ടുപിന്നിൽ തിരുവനന്തപുരം – 31 . ആലപ്പുഴ , എറണാകുളം , തൃശൂര്‍ , കോഴിക്കോട് , കണ്ണൂര്‍ എന്നീ ജീല്ലകളിലും മരണ സംഖ്യ 20ന് മുകളിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here