പൊതുസ്ഥലങ്ങളും റോഡുകളും കൈയേറി അനിശ്ചതകാല സമരം പാടില്ലെന്ന് സുപ്രീം കോടതി

0
207

ന്യൂഡല്‍ഹി: പൊതുസ്ഥലങ്ങളും റോഡുകളും കൈയേറി പൗരന്റെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് അനിശ്ചിതകാല സമരങ്ങള്‍ പാടില്ലെന്ന് സുപ്രീം കോടതി. സമരങ്ങള്‍ നിശ്ചിതസ്ഥലങ്ങളില്‍ മാത്രമേ പാടുള്ളു. സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ് കൊണ്ടുള്ള അനിശ്ചിതകാല സമരങ്ങള്‍ക്ക് എതിരെ നടപടി എടുക്കാന്‍ പൊലീസ് കോടതികളുടെ ഉത്തരവിനായി കാത്തിരിക്കരുത് എന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. 

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പൊതു നിരത്ത് കയ്യേറി നടത്തിയ  സമരങ്ങള്‍ നീക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ പുറപ്പടുവിച്ച വിധിയിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. ജനാധിപത്യത്തില്‍ പ്രതിഷേധ സമരങ്ങള്‍ അനിവാര്യമാണ്.

സമാധാനപരമായി പ്രതിഷേധിക്കാന്‍ ഭരണഘടനാപരമായ അവകാശം ജനങ്ങള്‍ക്ക് ഉണ്ട്. എന്നാല്‍ സ്വാതന്ത്ര്യ സമരത്തില്‍ കൊളോണിയല്‍ ഭരണകൂടത്തിന് എതിരെ നടത്തിയത് പോലുള്ള സമരങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തി ഇല്ലെന്ന് കോടതി വ്യക്തമാക്കി.  പൊതുസ്ഥലങ്ങള്‍ കയ്യേറി അനിശ്ചിത കാലത്തേക്ക് സമരം നടത്തുന്നവര്‍ക്കെതിരെ പോലീസും സര്‍ക്കാരും നടപടി സ്വീകരിക്കണം. ഇതിനായി കോടതിയുടെ ഉത്തരവിനായി കാത്തിരിക്കരുതെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് നിര്‍ദേശിച്ചു. 

സാങ്കേതിക യുഗത്തില്‍ ആണ് നമ്മള്‍ ജീവിക്കുന്നത്. എന്നാല്‍ സമൂഹ മാധ്യമങ്ങള്‍ സമൂഹത്തില്‍ ധ്രുവീകരണത്തിനായുള്ള അന്തരീക്ഷമാണ് സൃഷ്ടിച്ചത്. വെറും പ്രതിഷേധ സമരം ആയി ആരംഭിച്ച ഷഹീന്‍ ബാഗ് സമരം പൗരന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തിലേക്ക് വളര്‍ന്നതില്‍  സമൂഹ മാധ്യമങ്ങള്‍ക്ക് പങ്കുണ്ട്.

സമാന്തര സംവാദങ്ങള്‍ക്ക് വേദി ആകുന്ന സമൂഹ മാധ്യമങ്ങളില്‍ ക്രീയാത്മകമാകമായ ഫലം ലഭിക്കുന്നില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഷഹീന്‍ ബാഗ് സമരവും ഫലപ്രദമായ പരിഹാരങ്ങള്‍ക്ക് വഴിവച്ചില്ല. കോവിഡ് മഹാമാരിയുടെ പേരില്‍ ഒടുവില്‍ സമരം നീക്കുകയാണ് ഉണ്ടായത് എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here