ദുബായ്: ടി20 മത്സരഗതി മാറ്റിമറിക്കാൻ സാധിക്കുന്നവയാണ് വൈഡുകൾ. എന്നാൽ വൈഡുകൾ റിവ്യൂ ചെയ്യാൻ ഫീൽഡിങ് ടീമിന്‍റെ ക്യാപ്റ്റന് സാധിക്കണമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ആർസിബി നായകൻ വിരാട് കോഹ്ലി. പൂമ ഇന്ത്യ ഇൻസ്റ്റാഗ്രാം ലൈവ് ചാറ്റ് ഷോയിലാണ് കോഹ്ലി ഇക്കാര്യം പറഞ്ഞത്. നിലവിൽ വിക്കറ്റിനാണ് റിവ്യൂ സംവിധാനം നിലവിലുള്ളത്.
മുൻ സീസണുകളെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് ഇത്തവണ വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നടത്തുന്നത്. അതിനിടെയാണ് ടി20 ക്രിക്കറ്റിലെ വൈഡും റിവ്യൂ ചെയ്യണമെന്ന അഭിപ്രായം കോഹ്ലി പങ്കുവെയ്ക്കുന്നത്. വൈഡ് റിവ്യൂ ചെയ്യുന്നത് മത്സരഫലം തന്നെ മാറ്റിമറിക്കാൻ ഇടയാക്കുമെന്ന കോഹ്ലി പറഞ്ഞു.
‘ഒരു ക്യാപ്റ്റനെന്ന നിലയിലാണ് ഞാൻ സംസാരിക്കുന്നത്. ഒരു ക്യാപ്റ്റനെന്ന നിലയിൽ എനിക്ക് വൈഡ് റിവ്യൂ ചെയ്യാൻ സാധിക്കണം’- ചാറ്റ് ഷോയിൽ കോഹ്ലി പറഞ്ഞു.
വൈഡ്, ശരീരത്തിനുനേരെയുള്ള ഫുൾടോസ് എന്നിവയിലൊക്കെ അംപയർമാരുടെ തീരുമാനം പലപ്പോഴും തെറ്റാറുണ്ട്. ഈ സാഹചര്യത്തിലാണ് ടീം ക്യാപ്റ്റൻമാർക്ക് ഈ തീരുമാനം തിരുത്താൻ അവസരം നൽകണമെന്ന നിർദേശം കോഹ്ലി മുന്നോട്ടുവെക്കുന്നത്.
ഇത്തരമൊരു നിർദേശം ആദ്യം ഐപിഎൽ പോലെയുളള ടൂർണെന്‍റ്ൽ നടപ്പാക്കുന്നത് എന്തുകൊണ്ടും ഗുണകരമാകുമെന്ന് കോഹ്ലി പറഞ്ഞു.
വിരാട് കോഹ്ലിയെ കൂടാതെ പഞ്ചാബ് കിങ്സ് ഇലവൻ ക്യാപ്റ്റൻ കെ.എൽ രാഹുലും പരിപാടിയിൽ പങ്കെടുത്തിരുന്നു.