കോഴിക്കോട്: (www.mediavisionnews.in) കേരളത്തില്‍ മുസ്‌ലിംലീഗിന് സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കാന്‍ വ്യവസ്ഥാപിതമായ ഔദ്യോഗിക സംവിധാനമുണ്ടെന്നും സ്വതന്ത്ര വ്യക്തികളെയോ സംഘത്തെയോ ഏൽപിച്ചിട്ടില്ലെന്നും മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
അങ്ങനെ ആരെങ്കിലും പാർട്ടിയുടെ സൈബർ വക്താക്കളായോ ഐ.ടി സെൽ എന്ന പേരിലോ സഭ്യമല്ലാത്ത രീതിയിൽ പെരുമാറുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം പാർട്ടിക്ക് ഏറ്റെടുക്കാനാവില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
എന്നാല്‍ സോഷ്യൽ മീഡിയയിൽ പാർട്ടിക്കു വേണ്ടി മാന്യമായും നിസ്വാർത്ഥമായും ഇടപെടുന്ന ആയിരക്കണക്കിന് പ്രവർത്തകരുടെ സേവനം വിലമതിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.
കെ.പി.എ മജീദിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം:
മുസ്‌ലിംലീഗ് പാർട്ടിക്ക് അന്തസ്സാർന്ന ആശയവും ചരിത്രവും പാരമ്പര്യവുമുണ്ട്. പാർട്ടിയുടെ നയവും നിലപാടും വ്യക്തമാക്കാൻ പര്യാപ്തമായ വാർഡ് കമ്മിറ്റി മുതൽ ദേശീയ കമ്മിറ്റി വരെയുള്ള സംവിധാനങ്ങളും നേതാക്കളുമുണ്ട്. മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയയിൽ ക്രിയാത്മക ഇടപെടലുകൾ നടത്തുന്നതിന് വ്യവസ്ഥാപിതമായ ഔദ്യോഗിക സംവിധാനം പ്രവർത്തിച്ചു വരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പാർട്ടിക്കു വേണ്ടി മാന്യമായും നിസ്വാർത്ഥമായും ഇടപെടുന്ന ആയിരക്കണക്കിന് പ്രവർത്തകരുടെ സേവനവും വിലമതിക്കുന്നു.
അതേസമയം പാർട്ടിക്കു വേണ്ടി പോരാടാൻ സോഷ്യൽ മീഡിയയിൽ ഏതെങ്കിലും സ്വതന്ത്ര വ്യക്തിയെയോ സംഘത്തെയോ ഏൽപിച്ചിട്ടില്ല. അങ്ങനെ ആരെങ്കിലും പാർട്ടിയുടെ സൈബർ വക്താക്കളായോ ഐ.ടി സെൽ എന്ന പേരിലോ സഭ്യമല്ലാത്ത രീതിയിൽ പെരുമാറുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം പാർട്ടിക്ക് ഏറ്റെടുക്കാനാവില്ല.
തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ അസഭ്യവർഷം നടത്തി വേട്ടയാടുന്ന സി.പി.എം അണികളുടെ സംസ്‌കാരം മുസ്‌ലിംലീഗ് പ്രവർത്തകർ പിന്തുടരേണ്ടതില്ല. രാജ്യത്തിന്റെ പരമാധികാരവും വ്യക്തികളുടെ സ്വകാര്യതയും മൗലികാവകാശങ്ങളും മാനിച്ചുകൊണ്ടായിരിക്കണം സോഷ്യൽ മീഡിയയിലെ ഇടപെടലുകൾ. മാന്യമായി രാഷ്ട്രീയം പറയാനും സംവദിക്കാനുമുള്ള അവസരമാണ് സാമൂഹ്യ മാധ്യമങ്ങൾ നമുക്ക് തുറന്നു തന്നിരിക്കുന്നത്. അതിനെ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്.