ഹൈദരാബാദ്: മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയെ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കിയ സെലക്ടര്‍മാരുടെ നടപടിക്കെതിരെ കൂടുതല്‍ മുന്‍ താരങ്ങള്‍ രംഗത്ത്. പഞ്ചാബ് താരം മായങ്ക് അഗര്‍വാളും രോഹിത്തിനെപ്പോലെ തുടക്ക് പരിക്കേറ്റ് പുറത്തിരിക്കുകയാണെങ്കിലും മായങ്കിനെ ഓസീസ് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുകയും രോഹിത്തിനെ തഴയുകയും ചെയ്ത സെലക്ടര്‍മാരുടെ നടപടി ന്യായീകരിക്കാനാവില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ പറഞ്ഞു.
സെലക്ടര്‍മാരുടെ തീരുമാനം എന്നെ അത്ഭുതപ്പെടുത്തി. രോഹിത്തിന്‍റേതിന് സമാനമായ പരിക്കാണ് മായങ്കിനുമുള്ളത്. എന്നിട്ട് രോഹിത് പുറത്തും മായങ്ക് അകത്തും. ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ യോഗ്യതയുള്ള താരമാണ് രോഹിത്. ഓസ്ട്രേലിയന്‍ പിച്ചുകളില്‍ രോഹിത്തിന്‍റെ പ്രകടനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകവുമാണ്-സ്പോര്‍ട്സ് ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ ഓജ പറഞ്ഞു.
ഏകദിന, ടി20 ടീമുകളുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം കെ എല്‍ രാഹുലിന് നല്‍കിയ സെലക്ടര്‍മാരുടെ നടപടിയും അനാവശ്യമായിരുന്നുവെന്ന് ഓജ പറഞ്ഞു. രോഹിത് പരിക്ക് മാറി തിരിച്ചെത്തിയാല്‍ ഇത് വലിയ ആശയക്കുഴപ്പത്തിന് കാരണമാകും. എന്തിനാണ് വലിയൊരു പരമ്പരക്ക് ടീം പോവുമ്പോള്‍ ആനാവശ്യ പ്രശ്നങ്ങളുണ്ടാക്കുന്നത്.
നീണ്ട ഇടവേളക്കുശേഷം ഇതുപോലെ വലിയൊരു പരമ്പരക്ക് പോകുമ്പോള്‍ സീനിയര്‍ താരങ്ങള്‍ക്ക് അവര്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കാന്‍ കെലക്ടര്‍മാര്‍ തയാറാവണമായിരുന്നു. രോഹിത്തും കോലിയുമാണ് ഈ ഇന്ത്യന്‍ ടീമിന്‍റെ നെടുന്തൂണുകള്‍. അപ്പോള്‍ പിന്നെ എന്തിനാണ് വെറുതെ ആശയക്കുഴപ്പമുണ്ടാക്കുന്നത്.
രോഹിത്തിന്‍റെ കാര്യത്തില്‍ സംശയമുണ്ടായിരുന്നെങ്കില്‍ അല്‍പ്പം കൂടി കാത്തിരുന്നശേഷം സെലക്ടര്‍മാര്‍ക്ക് ടീം പ്രഖ്യാപിച്ചാല്‍ പോരായിരുന്നോ. ഇതിപ്പോള്‍ പരിക്കേറ്റ രോഹിത്ത് മൂന്ന് ടീമിലുമില്ല, പരിക്കുള്ള മായങ്ക് മൂന്ന് ടീമിലുമുണ്ട് താനും-ഓജ പറഞ്ഞു. പരിക്കേറ്റ രോഹിത് ശര്‍മ ബാറ്റിംഗ് പരിശീലനം നടത്തുന്ന വീഡിയോ മുംബൈ ഇന്ത്യന്‍സ് ഇന്ന് പുറത്തുവിട്ടിരുന്നു.