ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ജനപ്രതിനിധികളെ അറസ്റ്റ് ചെയ്ത് വിചാരണക്ക് ഹാജരാക്കാന്‍ പൊലീസിന് വിമുഖതയെന്ന് കേരള ഹൈക്കോടതി അറിയിച്ചതായി സുപ്രീംകോടതിക്ക് അമിക്കസ് ക്യൂറി റിപ്പോർട്ട്. ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനൽ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് കർമപദ്ധതി തയാറാക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി വിജയ് ഹാന്സാരിയക്ക് മുമ്പാകെയാണ് കേരള ഹൈകോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്ത് ജനപ്രതിനിധികൾക്കെതിരായ കേസുകൾ നീളുന്നുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് അശ്വിനി ഉപാധ്യായ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ഹൻസാരിയ റിപ്പോർട്ട് സമർപ്പിച്ചത്. കേരളത്തിലെ കീഴ്കോടതികളില്‍ എംപിമാരും എംഎല്‍എമാരും പ്രതികളായ 324 കേസുകള്‍ നടപടിയില്ലാതെ കിടക്കുന്നുണ്ട്. എട്ട് കേസുകള്‍ സെഷന്‍സ് കോടതിയിലും ആറു കേസുകള്‍ വിജിലന്‍സ് കോടതിയിലും 310 കേസുകള്‍ മജിസ്ട്രേറ്റ് കോടതിയിലുമാണ്. കൂടാതെ 12 കേസുകള്‍ ഹൈകോടതിയിലുണ്ട്. ഇത് തീര്‍പ്പാക്കാന്‍ പ്രത്യേക ബെഞ്ച് രൂപവത്കരിച്ചിട്ടുണ്ട്.
കേസുകളുടെ പുരോഗതി നിരീക്ഷിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയതായി ഹൈക്കോടതി അറിയിച്ചതായും 27 പേജുള്ള റിപ്പോർട്ടിൽ അമിക്കസ് ക്യൂറി വ്യക്തമാക്കി. സമന്‍സയക്കാനും വാറണ്ടുകള്‍ അയക്കാനും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്ന സംവിധാനമുണ്ടായാല് ഇതിന് പരിഹാരമുണ്ടാകുമെന്ന് അമിക്കസ്ക്യൂറി നിര്‍ദേശിച്ചു. സാക്ഷി വിസ്താരം നടത്തുന്നതിന് പ്രത്യേക സൗകര്യമൊരുക്കാന്‍ ഫണ്ടിന്റെ അപര്യാപ്തതയുണ്ട്. പണം അനുവദിച്ചാല്‍ വേഗത്തില്‍ സൗകര്യം ഒരുക്കാമെന്നും കേരള ഹൈക്കോടതി അറിയിച്ചതായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു.