തൃശ്ശൂരിൽ വൈദികരെ കൈയ്യേറ്റം ചെയ്തു, സിനിമാസെറ്റ് പൊളിച്ചു; എന്നിട്ടും പ്രതീഷ് വിശ്വനാഥനും സംഘടനയും ‘സെയ്ഫ്’

0
452

കൊച്ചി: ആയുധപൂജയ്ക്കായി സ്വന്തം ‘ആയുധങ്ങൾ’ പൂജയ്ക്ക് വെച്ച് കലാപത്തിന് ആഹ്വാനം ചെയ്ത പ്രതീഷ് വിശ്വനാഥൻ നിയമത്തിന്റെ മുന്നിൽ ഇപ്പോഴും സുരക്ഷിതൻ. കൊടുംകുറ്റവാളിയുടെ പട്ടികയിൽ പെടുത്തേണ്ട എല്ലാ പ്രവർത്തികളും ചെയ്തിട്ടും നേതൃത്വം നൽകിയിട്ടും ദേശീയ അന്വേഷണ ഏജൻസികൾക്ക് സംസ്ഥാനത്തെ അന്വേഷണ സംഘങ്ങൾക്കോ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എഎച്ച്പി) മുൻ നേതാവ് പ്രതീഷ് വിശ്വനാഥനെ തൊടാനായിട്ടില്ല. ചില ആക്രമണ കേസുകളിൽ കേസെടുത്തിരുന്നെങ്കിലും പ്രതീഷ് ഇപ്പോഴും സുരക്ഷിതനായി പുറത്തുതന്നെയുണ്ട്. യുഎപിഎയൊന്നും പ്രതീഷിനെതിരായ എഫ്‌ഐആറുകളിൽ കേട്ടുകേൾവിയില്ലാത്ത വാക്കായി തുടരുന്നു.

‘ആയുധം താഴെ വെയ്ക്കാൻ ഇനിയും സമയമായിട്ടില്ല. ശത്രു നമുക്കിടയിൽ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്. മറ്റൊരു പാക്കിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കിൽ വിശ്രമത്തിനുള്ള സമയമല്ല ഇത്’-എന്ന് ആഹ്വാനം ചെയ്താണ് മാരകായുധങ്ങൾ പൂജയ്ക്ക് വെയ്ക്കുന്ന ചിത്രം പ്രതീഷ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

തോക്കുകളും വടിവാളുകളുമായി ഫേസ്ബുക്കിലും ട്വിറ്ററിലും കലാപാഹ്വാനം നടത്തിയ പ്രതീഷ് വിശ്വനാഥനെതിരെ കേസെടുക്കാത്തത് എന്താണ് എന്ന് ചോദിച്ചപ്പോൾ കേരളത്തിലല്ലെന്ന് ആണ് സംസ്ഥാനത്തെ പോലീസിന്റെ വിശദീകരണം. ഇയാൾ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വിദ്വേഷ പോസ്റ്റിന്റെ ചിത്രങ്ങൾ പോലീസിന്റെ സോഷ്യൽമീഡിയ സെല്ലിൽ അയച്ചുകൊടുത്തയാൾക്ക്് ‘നോട്ട് ഇൻ കേരള’-കേരളത്തിൽ അല്ല എന്ന അസാധാരണ മറുപടി ലഭിച്ചത്.

പ്രതീഷ് വിശ്വനാഥൻ ഇതരമതസ്ഥർക്ക് എതിരായി വിദ്വേഷ പ്രചാരണവും ആക്രമണവും നടത്തുന്നത് പതിവാണ്. കേന്ദ്രത്തിൽ തന്നെ പിടിപാടുള്ള വ്യക്തിയാണ് പ്രതീഷെന്നാണ് സൂചനകൾ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രധാനമന്ത്രി മോഡി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി സംഘപരിവാറിന്റെ മുതിർന്ന നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന പ്രതീഷിന്റെ പ്രവർത്തന കേന്ദ്രം എറണാകുളം കേന്ദ്രമാക്കിയാണ്.

സോഷ്യൽ മീഡിയയിൽ നിരന്തരം പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്ന ഇയാൾക്കെതിരെ നിരവധി പേർ പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല.

ശബരിമലയിൽ സ്ത്രീപ്രവേശത്തിന് സുപ്രീംകോടതി അനുമതി നൽകിയതിന് പിന്നാലെ മലചവിട്ടിയ ബിന്ദു അമ്മിണിയെ കൊച്ചി കമ്മീഷണർ ഓഫീസിന് മുന്നിൽ വെച്ച് മുളക് പൊടി സ്‌പ്രെ ഉപയോഗിച്ച് ആക്രമിച്ചത് പ്രതീഷ് വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. തൃശ്ശൂർ കൊടുങ്ങല്ലൂരിൽ വൈദികരെ കൈയ്യേറ്റം ചെയ്തത് ഇതേ പ്രതീഷ് ഭാരവാഹിയായിരുന്ന സംഘടനയായ എഎച്ച്പിയുടെ ജില്ലാതല അധ്യക്ഷൻ ഗോപിനാഥൻ കൊടുങ്ങല്ലൂർ ആയിരുന്നു. ആലുവയിൽ മിന്നൽ മുരളി എന്ന സിനിമയുടെ സെറ്റ് തകർത്തതും കൊച്ചിയിൽ നോട്ടീസ് വിതരണം നടത്തിയ മുജാഹിദ് പ്രവർത്തകരെ അക്രമിച്ചതും ഇതേ എഎച്ച്പിക്കാർ തന്നെയാണ്. സിനിമാസെറ്റ് പൊളിച്ച കേസിൽ അറസ്റ്റിലായ എഎച്ച്പി പ്രവർത്തകർ പലരും മറ്റ് ക്രിമിനൽ കേസുകളിലെയും പ്രതികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here