തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള പുതുക്കിയ മാര്‍ഗരേഖ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയിരിക്കുന്നത്. പ്ലാസ്റ്റിക്ക്, പി വി സി തുടങ്ങിയ വസ്തുക്കള്‍ പ്രചാരണത്തിനായി ഉപയോഗിക്കാന്‍ പാടില്ലെന്നതാണ് പ്രധാന നിര്‍ദേശം.
പരസ്യം എഴുതുന്നതിനോ വരയ്ക്കുന്നതിനോ ചുമതലപ്പെടുന്ന വ്യക്തിയുടെ പേരും സ്ഥാനപ്പേരും പരസ്യത്തിനൊപ്പം ചേര്‍ക്കണം. വ്യക്തികളെ അധിക്ഷേപിക്കുന്നതും, മതവികാരം വൃണപ്പെടുത്തുന്നതുമായ പരസ്യങ്ങള്‍ പാടില്ല. കൊലപാതക ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ പരസ്യങ്ങളിലൊ ചുവരെഴുത്തുകളിലോ ഉള്‍പ്പെടുത്തരുത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് കോട്ടണ്‍ തുണി, പേപ്പര്‍, പോളി എത്തലിന്‍ തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. യാത്രക്കാര്‍ക്ക് മാര്‍ഗതടസം ഉണ്ടാക്കും വിധം നടപ്പാതകളിലോ റോഡിന്റെ വളവുകളിലോ പരസ്യങ്ങള്‍ സ്ഥാപിക്കരുത്. വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ ബന്ധപ്പെട്ട പാര്‍ട്ടികളോ സ്ഥാനാര്‍ത്ഥികളോ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു.