റാഞ്ചി: ഗോവധം തടയാൻ ശ്രമിച്ച മുസ്ലിം യുവാവിനെ രണ്ടു പേർ ചേർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി. ജാർഖണ്ഡിലെ ഗാർവ ജില്ലയിലാണ് സംഭവം. മുസ്ലിം വിഭാഗത്തിൽ നിന്നുള്ള രണ്ടുപേർ തന്നെയാണ് യുവാവിനെ കൊലപ്പെടുത്തിയത്.
ഗാർവ ജില്ലയിലെ ഉച്ചാരി ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. മുഹമ്മദ് അസ്രൂ എന്ന പതിനെട്ടുകാരനാണ് കൊല്ലപ്പെട്ടത്. മുസ്ലിം വിഭാഗക്കാരായ രണ്ടു പേർ ചേർന്ന് ഇയാളെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
മന്നു ഖുറേഷി കൈയേല്‍ ഖുറേഷി എന്നിവരാണ് യുവാവിനെ കൊലപ്പെടുത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട മുഹമ്മദ് അസ്രുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.
സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി മിതിലേഷ് താക്കൂർ ചൊവ്വാഴ്ച സ്ഥലത്തെത്തി. സംഭവത്തിന്റെ വിവരങ്ങളെ കുറിച്ച് അദ്ദേഹം അന്വേഷിച്ചു. അതേസമയം മകന് നീതി ലഭിക്കണമെന്ന് കൊല്ലപ്പെട്ട യുവാവിന്റെ അമ്മ ആവശ്യപ്പെട്ടു.
തന്റെ മകൻ പശുക്കളെ അറുക്കുന്നതിൽ നിന്ന് ആളുകളെ തടയാറുണ്ടായിരുന്നെന്നും അതിന്റെ പേരിലാണ് മകനെ വധിച്ചതെന്ന് അവർ പറഞ്ഞു. സ്വന്തം വിഭാഗത്തിലെ അംഗങ്ങളിൽ നിന്നു പോലും എതിർപ്പ് നേരിടേണ്ടിവന്നിരുന്നുവെന്നും അവർ പറഞ്ഞു. തിങ്കളാഴ്ച രാത്രി രണ്ട് യുവാക്കൾ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു.