കോഴിപ്പോര് തടയാനെത്തിയ പോലീസുകാരന്‍ പോരുകോഴിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

0
209

മനില: അനധികൃത കോഴിപ്പോര് തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥൻ പോരുകോഴിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഫിലിപ്പീൻസിലെ വടക്കൻ സമാർ പ്രവിശ്യയിലെ പോലീസ് ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് ക്രിസ്റ്റ്യൻ ബോലോക്ക് ആണ് മരിച്ചത്. പോരുകോഴിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ അതിന്റെ കാലിൽ ഘടിപ്പിച്ചിരുന്ന മൂർച്ചയേറിയെ ബ്ലേഡ് കൊണ്ടാണ് ബോലോക്കിന് പരിക്കേറ്റത്. തുടർന്ന് രക്തംവാർന്ന് മരണം സംഭവിക്കുകയായിരുന്നു. രക്തക്കുഴൽ മുറിഞ്ഞനിലയിൽ ബോലോക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവർ ഓടിരക്ഷപ്പെട്ടു. ഏഴ് പോരുകോഴികളെയും പണവും പോലീസ് പിടിച്ചെടുത്തു.

നിയമവിധേയമായി കോഴിപ്പോര് നടത്താൻ ഫിലിപ്പീൻസിൽ അനുവാദമുണ്ടെങ്കിലും അനധികൃത കോഴിപ്പോര് പലയിടത്തും വ്യാപകമാണ്. അധികൃതരുടെ കണ്ണുവെട്ടിച്ച് പല രഹസ്യകേന്ദ്രങ്ങളിലുമാണ് അനധികൃത കോഴിപ്പോര് നടക്കാറുള്ളത്. നിലവിൽ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് മുതൽ കോഴിപ്പോരിന് നിരോധനമേർപ്പെടുത്തിയിരുന്നു. ഇത് മറികടന്ന് കോഴിപ്പോര് നടക്കുന്നതായ വിവരമറിഞ്ഞാണ് പോലീസ് സംഘം പരിശോധനയ്ക്ക് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here