കാസര്‍കോട്: (www.mediavisionnews.in) കോടതി പരിസരത്ത് പൊലീസിന്റെ കണ്‍മുന്നില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ കോടതി അഞ്ചുവര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഉപ്പളയിലെ മുഹമ്മദ് അലി എന്ന കസായി അലിയെ(39)യാണ് കാസര്‍കോട് അസി. സെഷന്‍സ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ അലി ഒരുമാസം അധികതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. ഉപ്പള മുത്തലിബ് വധക്കേസിലെ പ്രതികളിലൊരാളായ മുഹമ്മദ് റഫീഖ് എന്ന മൗഗ്ലി റഫീഖിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് കസായി അലി.
2013 ഡിസംബര്‍ 16ന് ഉച്ചയ്ക്ക് 11.30 മണിയോടെ വിദ്യാനഗറിലുള്ള കോടതിസമുച്ചയത്തിന് സമീപത്താണ് സംഭവം. മുത്തലിബ് വധക്കേസിലെ മുഖ്യപ്രതി കാലിയാറഫീഖിന്റെ കൂട്ടുപ്രതിയായ മൗഗ്ലി റഫീഖിനെ പൊലീസ് കോടതിയില്‍ ഹാജരാക്കിയ ശേഷം തിരിച്ച് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അക്രമണം നടന്നത്. കോടതിയുടെ ഗേറ്റിന് സമീപം വെച്ച് റഫീഖിന്റെ കഴുത്തിന് കസായി അലി കൊടുവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ റഫീഖിനെ ആദ്യം കാസര്‍കോട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റിയിരുന്നു. റഫീഖിന്റെ പരാതിയില്‍ കസായി അലിക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരുന്നത്. മുത്തലിബിനെ കൊലപ്പെടുത്തിയതിലുള്ള വിരോധമാണ് അക്രമകാരണമെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സാക്ഷികളെല്ലാം പൊലീസുകാരായതിനാല്‍ പ്രതിക്ക് ശിക്ഷ ലഭിക്കാനുള്ള ശക്തമായ ഇടപെടലാണ് നടന്നത്.
അന്നത്തെ വിദ്യാനഗര്‍ സി.ഐ ഡോ. ബാലകൃഷ്ണന്‍നായരുടെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തിരുന്നത്. പിന്നീട് വന്ന സി.ഐ സി.പി ജേക്കബ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. എസ്.ഐ ജോര്‍ജ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ്, സുമേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ മോഹനന്‍ ഹാജരായി.