കേരളത്തിലെ ഏഴ് ജില്ലകളിലെ കളക്ടര്‍മാരും ഒരു സമുദായത്തില്‍പ്പെട്ടവര്‍; ഉന്നത അധികാര തസ്തികകള്‍ മുസ്‌ലിം സമുദായം തട്ടിയെടുക്കുകയാണെന്ന് പി.സി ജോര്‍ജ്

0
220

കൊച്ചി: മുസ്‌ലിം സമുദായത്തിനെതിരായ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ പരാമര്‍ശം വിവാദമാകുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പടക്കം കേരളത്തിലെ ഉന്നത അധികാര തസ്തികകള്‍ മുസ്‌ലിം സമുദായം തട്ടിയെടുക്കുന്നുവെന്നായിരുന്നു പി.സി ജോര്‍ജ് ആരോപിച്ചത്.

കേരളത്തിലെ 14 ജില്ലകളില്‍ ഏഴ് ജില്ലകളിലെ കളക്ടര്‍മാരും ഒരു സമുദായത്തില്‍പ്പെട്ടവരാണെന്നും ഇതെന്തുകൊണ്ടാണ് സംഭവിച്ചതെന്ന് ആലോചിക്കണമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

കഴിഞ്ഞ ദിവസം സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് ഈരാറ്റുപേട്ടയിലെ അരുവിത്തുറയില്‍ പി.എസ്.സിയിലെ നിയമനപ്രശ്നത്തിലും ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിലും പ്രതിഷേധിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം.

‘ഏറ്റവുമധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്ന് പറഞ്ഞാല്‍ ഒരു 70 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും നമ്മുടെ കത്തോലിക്കാ സഭയും വൈദികരും ചേര്‍ന്ന് തുടങ്ങിയതാണ്. പക്ഷേ ഇന്നത്തെ നിലയെന്താണ്. വിദ്യാഭ്യാസത്തില്‍ ക്രൈസ്തവ സമൂഹത്തിന്റെ നിലയെന്താണ്.

ഐ.എ.എസ്, ഐ.ഇ.എസ്, ഐ.എഫ്.എസ് കോഴ്‌സുകള്‍ എടുത്തുനോക്കണം. അഖിലേന്ത്യാ സര്‍വീസുകള്‍ എടുത്തു പരിശോധിക്കുമ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ വളരെ താഴെയാണ്. എന്താണതിന് കാരണമെന്ന് ഈ സഭ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്.

സ്വര്‍ണക്കടത്തുകാരന്‍ മന്ത്രി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഒരു പ്രത്യേക സമുദായത്തെ കുത്തിനിറക്കുകയാണെന്നാണും പി.സി ജോര്‍ജ് പറഞ്ഞു. ഇപ്പോഴത്തെ മന്ത്രിസഭയിലെ കത്തോലിക്കാ മന്ത്രിമാര്‍ തങ്ങളുടെ വകുപ്പുകളില്‍ കുറേയേറെ തസ്തികകള്‍ കത്തോലിക്കാ സഭക്കാരെ വയ്ക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ വൈസ് ചാന്‍സിലര്‍ പദവി തീരുമാനിക്കുന്ന സമയത്ത് ബി .ഇക്ബാലിന്റെ പേരാണ് ഇടത് പാര്‍ട്ടികള്‍ ഉന്നയിച്ചതെന്നും ഒടുവില്‍ താന്‍ വാശിപിടിച്ചാണ് സിറിയക് തോമസിനെ വൈസ് ചാന്‍സിലറാക്കിയതെന്നും പി.സി ജോര്‍ജ് പ്രസംഗമധ്യേ പറഞ്ഞു.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ക്രിസ്ത്യാനികളൊഴിച്ച് എല്ലാ ന്യൂനപക്ഷവും വളര്‍ന്നെന്നും അതേ കുറിച്ച് ആലോചിക്കണമെന്നുമായിരുന്നു പി.സി ജോര്‍ജ് പറഞ്ഞത്.

പാക്കിസ്ഥാനില്‍ ഭരണകൂടം എല്ലാവരെയും മുസ്‌ലീങ്ങളാക്കിയെന്നും ക്രിസ്ത്യന്‍ പള്ളികളും ക്ഷേത്രങ്ങളും മോസ്‌ക്കുകളാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ ഇന്ത്യയില്‍ ഒരു മുസ്‌ലിം ദേവാലയവും തകര്‍ക്കപ്പെട്ടില്ല. പക്ഷേ പാകിസ്ഥാനില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ മുഴുവന്‍ ചുട്ടുകരിച്ചു എന്നു മാത്രമല്ല, സ്വത്തുക്കള്‍ മുഴുവന്‍ ഇസ്‌ലാമുകളുടേതാക്കി മാറ്റി, മുസ്‌ലിം പള്ളികളാക്കി മാറ്റി.

ഹൈന്ദവ ക്ഷേത്രങ്ങള്‍ ഒരെണ്ണം ഒഴിച്ച് മറ്റെല്ലാം തകര്‍ത്തു. പക്ഷേ ആ ക്ഷേത്രത്തില്‍ പോകാന്‍ ഹിന്ദുക്കളില്ലെന്നും അവരെയെല്ലാം മുസ്‌ലീംകളാക്കിയെന്നും പി.സി ജോര്‍ജ് പ്രസംഗത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here