കുമ്പള: കുമ്പള മഹാത്മ കോളജിൽ പ്ലസ് വൺ ഓൺലൈൻ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കുമെന്ന് പ്രിൻസിപ്പാൾ കെ.എം.എ സത്താർ അറിയിച്ചു.
കൊവിഡ് പശ്ചാത്തലത്തിൽ റെഗുലർ ക്ലാസുകൾ ആരംഭിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കുന്നതിന് കോളജ് പ്രത്യേക മൊബൈൽ പഠന ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. വീഡിയോ ക്ലാസുകൾക്കു പുറമെ അനുബന്ധ നോട്ടുകളും ആപ്പിലൂടെ ലഭിക്കും. പരീക്ഷകൾ, ഗൃഹപാഠങ്ങൾ, അസൈൻമെൻറുകൾ എന്നിവ സംഘടിപ്പിക്കാനുള്ള സൗകര്യങ്ങൾക്കു പുറമെ രക്ഷിതാക്കൾക്കു കൂടി വിദ്യാർത്ഥികളുടെ ഹാജർ നില, പ്രോഗ്രസ് റിപോർട്ട് എന്നിവ പരിശോധിക്കാനുള്ള സംവിധാനവും ആപ്പിലുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്ന ഈ ആപ്പുപയോഗിച്ച് ലോകത്തെവിടെയിരുന്നും പ്ലസ് ടുവും ബി.എ, ബി.കോം ബിരുദങ്ങളും കോളജ് നൽകുന്ന ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളും പഠിക്കാം.
ഏകജാലക സംവിധാനത്തിലൂടെ പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പഠന ആപ്പ് വളരെ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.