ഇന്ത്യയിലെ ഏറ്റവും മികച്ച കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തിനുള്ള ഇന്ത്യ ടുഡേ പുരസ്‌കാരം കേരളത്തിന്; പിന്തള്ളിയത് ദല്‍ഹിയേയും യു.പിയേയും

0
445

ന്യൂദല്‍ഹി: (www.mediavisionnews.in) ഇന്ത്യയിലെ ഏറ്റവും മികച്ച കൊവിഡ് പ്രതിരോധപ്രവര്‍ത്തനം നടത്തിയ സംസ്ഥാനങ്ങള്‍ക്കുള്ള ഇന്ത്യ ടുഡേ ഹെല്‍ത്ത് ഗിരി അവാര്‍ഡ് കേരളത്തിന്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ദല്‍ഹി, ഉത്തര്‍പ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെ പിന്തള്ളിയാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്.

കേരളത്തിലെ കൊവിഡ് ജാഗ്രത പോര്‍ട്ടലുകളുടെ പ്രവര്‍ത്തനം, മഹാമാരിയ്ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള ബ്രേക്ക് ദി ചെയ്ന്‍ ക്യാംപെയ്ന്‍, കുടുംബശ്രീ വഴിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുമുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ ഇന്ത്യ ടുഡേ മികച്ചതെന്ന് വിലയിരുത്തി.

കേരളത്തിന് നൂറില്‍ 94.2 പോയന്റാണ് ലഭിച്ചത്. ടെസ്റ്റിംഗ്, ഐസോലേഷന്‍ വാര്‍ഡുകളുടെ പ്രവര്‍ത്തനം, ഫണ്ട് അനുവദിക്കുന്നതിലും ചെലവഴിക്കുന്നതിലും നടത്തിയ കൃത്യത, മരണനിരക്ക് കുറയ്ക്കുന്നതിലും മികച്ച ചികിത്സ നല്‍കുന്നതിലും സംസ്ഥാന ഗവണ്‍മെന്റ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇന്ത്യ ടുഡേ ജൂറി പരിഗണിച്ചു.

മികച്ച ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ വിഭാഗത്തില്‍ ദല്‍ഹി എയിംസും സ്വകാര്യ ആശുപത്രി വിഭാഗത്തില്‍ ഗുരുഗ്രാമിലെ മാക്സ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയും ചാരിറ്റി ആശുപത്രി വിഭാഗത്തില്‍ വെല്ലൂര്‍ സി.എം.സിയും മികച്ച ടെസ്റ്റിംഗ് സെന്ററായി പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനേയും തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here