ന്യൂദല്‍ഹി: അസമിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്രസകള്‍ അടച്ചു പൂട്ടാനുള്ള തീരുമാനത്തിനെതിരെ ദല്‍ഹിയില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ച് മുസ്‌ലിം ലീഗ്.
ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തില്‍ അസമിലെ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നതായി യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റ പ്രതികരണം.
അസമിന്റെ ജനസംഖ്യയുടെ 34 ശതമാനം വരുന്ന മുസ്‌ലിം സമുദായത്തിന്റെ ഉദ്യോഗസ്ഥ തല പ്രാതിനിധ്യം കേവലം നാല് ശതമാനത്തില്‍ കുറവാണ്. ഈ ഒരൊറ്റക്കണക്കു മതി അവരുടെ പിന്നോക്കാവസ്ഥ ബോധ്യമാകാനെന്ന് സുബൈര്‍ ഫേസ്ബുക്കിലെഴുതി.
‘ആകെ ജനസംഖ്യയുടെ 34 ശതമാനം വരുന്ന ഒരു ജനതയുടെ പുരോഗതി ആ സംസ്ഥാനത്തിന്റെ പുരോഗതി തന്നെയാണ്. പക്ഷേ എന്‍.ആര്‍.സി യുടെ മറവില്‍ സ്വന്തം ജനതയെ തടവിലിടാന്‍ ജയിലു പണിയാന്‍ കോടികള്‍ നശിപ്പിക്കുന്ന ആസാമിലെ ബി.ജെ.പി സര്‍ക്കാറില്‍ നിന്ന് അത് പ്രതീക്ഷിക്കാനാവില്ല. എന്‍.ആര്‍.സി യില്‍ സര്‍ബാനന്ദ സോനോവാള്‍ സര്‍ക്കാരിനെ നയിക്കുന്ന വര്‍ഗീയ വെറി തന്നെയാണ് മദ്രസാ വിഷയത്തിലും ഉള്ളത്. ഇത് കൊണ്ട് തന്നെയാണ് ഈ വിഷയം രാഷ്ട്രീയമായി ഏറ്റെടുത്ത് സമരം ചെയ്യാന്‍ മുസലിം ലീഗ് തീരുമാനിച്ചത്- സുബൈര്‍ പറഞ്ഞു.
ഈ വര്‍ഷം നവംബറോടെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന എല്ലാ മദ്രസ, സംസ്‌കൃത സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്ന് അസാം വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
പൊതു പണം ‘മത വിദ്യാഭ്യാസത്തിനായി ചെലവഴിക്കാന്‍ അനുവദിക്കാനാവില്ല’ എന്നും ഹിമാന്ത ബിശ്വ ശര്‍മ്മ പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി മുസ്ലിം പുരോഹിതര്‍ രംഗത്തെത്തിയിരുന്നു. തീരുമാനം ഉറപ്പിക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ രണ്ട് വട്ടം ആലോചിക്കണമെന്നും പുരോഹിതര്‍ ആവശ്യപ്പെട്ടിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ആസാമിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്രസകള്‍ അടച്ചു പൂട്ടാനുള്ള തീരുമാനത്തിനെതിരെ മുസ്‌ലിം ലീഗ് ഡല്‍ഹിയില്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചു.. അസമിന്റെ ജനസംഖ്യയുടെ 34 ശതമാനം വരുന്ന മുസ്‌ലിം സമുദായത്തിന്റെ ഉദ്യോഗസ്ഥ തല പ്രാതിനിധ്യം കേവലം നാല് ശതമാനത്തില്‍ കുറവാണ്. ഈ ഒരൊറ്റക്കണക്കു മതി അവരുടെ പിന്നോക്കാവസ്ഥ ബോധ്യമാകാന്‍.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 700 മദ്രസകളിലായി 35000 കുട്ടികള്‍ മത – ആധുനിക വിദ്യാഭ്യാസം ഒന്നിച്ച് നേടുന്നുണ്ട്. പൊതു ,സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ എണ്ണവും നന്നെ കുറവാണ്. പറഞ്ഞു വന്നത് ഈ മദ്രസകള്‍ അടച്ചുപൂട്ടരുത് എന്ന് മാത്രമല്ല, കൂടുതല്‍ മുസ്‌ലിം കുട്ടികള്‍ക്ക് വിദ്യാഭ്യാസം എന്ന മൗലികാവകാശം ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള തീരുമാനമാണ് ഒരു സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്..
ആകെ ജനസംഖ്യയുടെ 34 ശതമാനം വരുന്ന ഒരു ജനതയുടെ പുരോഗതി ആ സംസ്ഥാനത്തിന്റെ പുരോഗതി തന്നെയാണ്.. പക്ഷേ എന്‍.ആര്‍.സി യുടെ മറവില്‍ സ്വന്തം ജനതയെ തടവിലിടാന്‍ ജയിലു പണിയാന്‍ കോടികള്‍ നശിപ്പിക്കുന്ന ആസാമിലെ ബി.ജെ.പി സര്‍ക്കാറില്‍ നിന്ന് അത് പ്രതീക്ഷിക്കാനാവില്ല. എന്‍.ആര്‍.സി യില്‍ സര്‍ബാനന്ദ സോനേവാള്‍ സര്‍ക്കാറിനെ നയിക്കുന്ന വര്‍ഗീയ വെറി തന്നെയാണ് മദ്രസാ വിഷയത്തിലും ഉള്ളത്. ഇത് കൊണ്ട് തന്നെയാണ് ഈ വിഷയം രാഷ്ട്രീയമായി ഏറ്റെടുത്ത് സമരം ചെയ്യാന്‍ മുസ്‌ലിം ലീഗ് തീരുമാനിച്ചത്..
ആസാമിലെ മുസ്‌ലിം ലീഗ് ,യൂത്ത് ലീഗ് ,എം.എസ്.എഫ് പ്രവര്‍ത്തകര്‍ ദല്‍ഹിയിലെത്തി ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ പങ്കെടുത്തു.. നേരത്തെ മടങ്ങാന്‍ തീരുമാനിച്ചെങ്കിലും പാര്‍ട്ടി ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.റ്റി മുഹമ്മദ് ബഷീര്‍ സാഹിബിന്റെ നിര്‍ദ്ദേശപ്രകാരം ഈ സമരത്തിന്റെ സംഘാടനത്തിനായി ഡല്‍ഹിയില്‍ തുടരുകയായിരുന്നു. ഇന്നത്തേത് സമരത്തിന്റെ തുടക്കം മാത്രമാണ്. സമാന മനസ്‌കരുമായി ഒത്തുചേര്‍ന്ന് ആസാമില്‍ നാം തുടര്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും..
അസം മദ്രസാ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മൗലാന ഫസലുദിന്‍ ചൗധരി, മൗലാന ഫൊയദ് അഹമ്മദ്, അല്ലാമാ സരീമുല്‍ ഹഖ്, എം എസ് എഫ് അസം സംസ്ഥാന പ്രസിഡണ്ട് തൗസീഫ് അഹമ്മദ് എന്നിവരെ കൂടാതെ, മുസ്‌ലിം ലീഗ് യൂത്ത് ലീഗ് ദേശീയ നേതാക്കളും സമരത്തില്‍ പങ്കെടുത്തു.