7 ദിവസത്തിനുള്ളില്‍ 40 ശതമാനം വര്‍ധന; ഫേസ്ബുക്കില്‍ മോഡിയെ മറികടന്ന് രാഹുല്‍ ഗാന്ധി, ഇത് രാഹുലിനുള്ള പിന്തുണയെന്ന് കോണ്‍ഗ്രസ്

0
381

ന്യൂദല്‍ഹി: ഫേസ്ബുക്ക് എന്‍ഗേജ്‌മെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടത്തിവെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയുടെ പേജിനേക്കാള്‍ ഫേസ്ബുക്ക് എന്‍ഗേജ്‌മെന്റില്‍ 40 ശതമാനം വര്‍ധനവാണ് രാഹുലിന്റെ പേജിലുണ്ടായതെന്ന് കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ വിഭാഗം അറിയിച്ചു.

സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള കണക്കാണ് ഇത്. ഫേസ്ബുക്ക് അനലിറ്റിക്സ് ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെ രാഹുലിന്റെ പേജില്‍ 13.9 ദശലക്ഷം എന്‍ഗേജ്‌മെന്റാണ് ഉണ്ടായത്.

സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന അഞ്ച് മുന്‍നിര നേതാക്കളില്‍ ഒരാളായ മോദിക്ക് 45.9 ദശലക്ഷം ഫോളോവേഴ്സാണ് ഉള്ളത്. രാഹുല്‍ ഗാന്ധിക്കാകട്ടെ 3.5 മില്യണ്‍ ഫോളോവേഴ്‌സ് മാത്രമാണ് ഫേസ്ബുക്കില്‍ ഉള്ളത്. കോണ്‍ഗ്രസ് കണക്കുകള്‍ പ്രകാരം കഴിഞ്ഞയാഴ്ച മോദിയുടെ ഫേസ്ബുക്ക് എന്‍ഗേജ്‌മെന്റ് 8.2 മില്യണ്‍ മാത്രമാണ്.

പേജില്‍ ലഭിക്കുന്ന ലൈക്ക്, കമന്റ്, ഷെയര്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് എന്‍ഗേജ്‌മെന്റ് അഥവാ സജീവത നിര്‍ണയിക്കാറ്.

16 മില്യണ്‍ ഫോളോവേഴ്സുള്ള ബി.ജെ.പിയുടെ ഔദ്യോഗിക പേജില്‍ 2.3 മില്യണ്‍ റെസ്‌പോണ്‍സുകള്‍ മാത്രമാണ് ഉള്ളത്. കോണ്‍ഗ്രസിന്റെ പേജിലാകട്ടെ ഇത് 3.6 മില്യണ്‍ ആണ്. കോണ്‍ഗ്രസിന് 5.6 മില്യണ്‍ ഫോളോവേഴ്സ് ആണ് ഫേസ്ബുക്കില്‍ ഉള്ളത്.

രാഹുല്‍ ഗാന്ധിയുടെ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ 3.5% വര്‍ധനവും ഉണ്ടായിട്ടുണ്ട്. ഈ കാലയളവില്‍ അദ്ദേഹം 52 പോസ്റ്റുകളാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.

അതേസമയം യു.എന്‍ പൊതുസമ്മേളനമുള്‍പ്പെടെ പ്രധാന പരിപാടികളില്‍ പങ്കെടുത്ത മോദി സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെ 11 പോസ്റ്റുകളാണ് ഷെയര്‍ ചെയ്തത്.

നരേന്ദ്രമോദിയേക്കാള്‍ കുറഞ്ഞ ഫോളോവേഴ്‌സ് മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ ഗാന്ധിക്കുള്ളത്. എന്നാല്‍ മോദിയുടെ പേജിന് ലഭിച്ചതിനേക്കാള്‍ 40 ശതമാനത്തിലധികം എന്‍ഗേജ്‌മെന്റാണ് ഏഴ് ദിവസങ്ങളുള്‍ക്കുള്ളില്‍ രാഹുലിന്റെ പേജിന് ലഭിച്ചത്. രാഹുലിന്റെ പേജിന് ലഭിക്കുന്ന ഇന്ററാക്ഷന്‍ അദ്ദേഹത്തിനുള്ള പിന്തുണ കൂടിയാണ് കാണിക്കുന്നതെന്നും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകന്‍ പറഞ്ഞു.

ഹാത്രാസില്‍ 19 കാരിയായ ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യമായ പ്രതിഷേധമാണ് ഉയര്‍ന്നത്. വിഷയത്തില്‍ വലിയ ഇടപെടല്‍ തന്നെയാണ് രാഹുല്‍ ഗാന്ധിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.

പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനുള്ള ഹാത്രാസ് യാത്രയും രാഹുല്‍ ഗാന്ധിയെ ആദ്യഘട്ടത്തില്‍ തടഞ്ഞതും പിന്നീട് വീണ്ടും രാഹുലും പ്രിയങ്കയും ഹാത്രാസിലെത്തിയതുമെല്ലാം വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

ഹാത്രാസ് കുടുംബത്തെ കണ്ടെന്നും അവരുടെ വേദനകള്‍ താന്‍ മനസിലാക്കിയെന്നും അവര്‍ക്കൊപ്പം നില്‍ക്കുമെന്നും പറഞ്ഞുകൊണ്ട് രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് എഴുതിയിരുന്നു. രാജ്യത്തിന്റെ മകള്‍ക്ക് നീതി ലഭിക്കാന്‍ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റിന് 4,50,000 ലൈക്കുകള്‍ ആണ് തിങ്കളാഴ്ച രാവിലെ വരെ ലഭിച്ചത്.

ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും സര്‍ക്കാരിനെതിരെ രാഹുല്‍ നിരന്തരമായി വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുണ്ട്. കഴിഞ്ഞ മാസം പാര്‍ലമെന്റില്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഖേതി ബച്ചാവോ യാത്രയ്ക്ക് രാഹുല്‍ നേതൃത്വം നല്‍കുന്നുണ്ട്.

കൊവിഡ് 19 പ്രതിസന്ധിയെക്കുറിച്ചും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ആഗോള തലത്തിലുള്ള നേതാക്കളുമായും ഇന്ത്യയിലെ നേതാക്കളുമായും നിരവധി തവണ രാഹുല്‍ വീഡിയോ സംഭാഷണങ്ങള്‍ നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here