2019ലെ മധുര മാഗിയേക്കാള്‍ മോശമാണ് ഈ വര്‍ഷത്തെ വിഭവങ്ങള്‍; 2020ലെ മോശം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഇവയാണ്

0
289

ന്യൂദല്‍ഹി: ഭക്ഷണപ്രേമികളായ ആളുകള്‍ പോലും നെറ്റിചുളിച്ച ചില വിഭവങ്ങളാണ് 2020 ലെ മോശം ഭക്ഷണങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ചോക്കലേറ്റ് ഫ്രൈഡ് ചിക്കന്‍ മുതല്‍ രസഗുള ബിരിയാണി വരെ അതില്‍ പെടും. ഈ വര്‍ഷത്തെ ഏറ്റവും മോശം ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചില വിഭവങ്ങള്‍ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.

സാമൂഹ്യമാധ്യമങ്ങളിലെ ചില വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഏറ്റവും മോശം വിഭവങ്ങള്‍ ഏതാണെന്ന് ആളുകള്‍ കണ്ടെത്തുന്നത്. ദാല്‍ മക്കാനി ക്യാപിച്ചീനോ, മസാല ചായ് ഐസ്‌ക്രീം, ഷുഗര്‍ ലേയ്‌സ്ഡ് പറാത്ത, ചോക്കലേറ്റ് സമൂസ പാവ് എന്നിവയും മോശം വിഭവങ്ങളില്‍ പെടും.

2019ലെ മോശം വിഭവങ്ങളുടെ ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നത് പാലും റോസാപൂ ഇതളും ഇട്ട മധുരമുള്ള മാഗിയും കുര്‍കുറേയിട്ട മില്‍ക്ക് ഷെയ്ക്കും ചോക്കോ ചെറി ദോശയുമെല്ലാമായിരുന്നു. 2019ലേതിനേക്കാള്‍ മോശം വിഭവങ്ങളാണ് 2020 ല്‍ വന്നിട്ടുള്ളതെന്നാണ് വിലയിരുത്തല്‍.

ചോക്കലേറ്റ് സമൂസ പാവ് ഉണ്ടാക്കുന്ന ഒരാളുടെ വീഡിയോ ഫുഡ് ബ്ലോഗറായ ആഷിഷ് ശ്രീവാസ്തവയാണ് സെപ്റ്റംബറില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. രണ്ട് പീസ് ബ്രെഡിനിടയില്‍ ചോക്കലേറ്റ് സിറപ്പൊഴിച്ച് അതിനു മുകളില്‍ സമൂസ വെച്ചാണ് ചോക്കലേറ്റ് സമൂസ പാവ് ഉണ്ടാക്കിയത്. അന്ന് വീഡിയോയ്ക്ക് താഴെ ചിന്തിക്കാന്‍ പോലും കഴിയാത്ത ഭക്ഷണം എന്ന കമന്റുകളുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

സെപ്റ്റംബര്‍ മാസത്തില്‍ തന്നെ മറ്റൊരാളാണ് ചോക്കലേറ്റ് ഫ്രൈഡ് ചിക്കന്‍ ഉണ്ടാക്കുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ചായയില്‍ മുക്കിയ തന്തൂരി ചിക്കനും ഈ വര്‍ഷത്തെ മോശം ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here