100 ദിവസംകൊണ്ട്‌ 50000 തൊഴിലവസരം സൃഷ്‌ടിക്കും; കോവിഡ്‌ മൂലമുണ്ടായ പ്രതിസന്ധികൾ പരിഹരിക്കും

0
282

തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്ത് കോവിഡ് മൂലമുണ്ടായ പ്രതിസന്ധികൾ പരിഹരിക്കാൻ നടപടികളുമായി സർക്കാർ. ഡിസംബർ മാസത്തിനുള്ളിൽ 50000 പേർക്ക് തൊഴിലവസരങ്ങൾ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

കോവിഡ് മഹാമാരി സംസ്ഥാനത്ത് വലിയ രീതിയിൽ തൊഴിലില്ലായ്മ സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സംയോജിത പദ്ധതി രൂപീകരിക്കും. 100 ദിവസം കൊണ്ട് 50000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 1000 ആളുകൾക്ക് 5 എന്ന തോതിൽ ഓരോ പഞ്ചായത്തിലും മുൻസിപ്പാലിറ്റിയിലും കാർഷികേതര മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പരിപാടി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോവിഡ് ഇതിന് വിലങ്ങുതടിയായി.

50000 മുതൽ തൊഴിലവസരങ്ങളിൽ നിന്നും 95000 തൊഴിലവസരങ്ങൾ വരെ സൃഷ്‌ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഡിംബർ മാസത്തിനുള്ളിൽ 50000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും. എല്ലാ രണ്ടാഴ്‌ച കൂടുമ്പോഴും ഇത് സംബന്ധിച്ച വിശദമായ കണക്കുകളും തൊഴിൽ ലഭിച്ചവരുടെ മേൽവിലാസവും പരസ്യപ്പെടുത്തും. ഇതിന് പ്രത്യേകമായി പോർട്ടൽ ആരംഭിക്കും. സർക്കാർ, അർധസർക്കാർ, പൊതുമേഖലാസ്ഥാപനങ്ങളിലായി 18600 പേർക്ക് തൊഴിൽ നൽകും. സ്ഥിര- താൽക്കാലിക കരാർ നിയമനങ്ങൾ ഇതിൽ ഉൾപ്പെടും. ഹയർ സെക്കണ്ടറി സ്കൂളിൽ 425 തസ്തികകളും എയഡഡ് കോളേജുകളിൽ 700 തസ്തികകളും പുതിയ കോഴ്സുകളുടെ ഭാഗമായി 300 താൽക്കാലിക തസ്തികകളും സൃഷ്ടിക്കും. എയ്‌ഡഡ് സ്കൂളുകളിൽ 6911 തസ്തികകളിലം നിയമനങ്ങൾ റെഗുലറൈസ് ചെയ്യും. നിയമന അഡൈ്വസ് ലഭിച്ചിട്ടും സ്കൂളുകൾ തുറക്കാത്തതിനാൽ ജോലിക്ക് ചേർന്നിട്ടില്ലാത്ത 1632 പേരുണ്ട്. ഇതെല്ലാം ചേർത്ത് വിദ്യാഭ്യാസമേഖലയിൽ 10968 പേർക്കാണ് തൊഴിൽ നൽകുക.

മെഡിക്കൽ കോളേജുകളിൽ 700 തസ്തികകളും പൊതുആരോഗ്യസംവിധാനത്തിൽ 500 തസ്തികകളും സൃഷ്ടിക്കും. കോവിഡ് ഫസ്റ്റ്ലൈൻ സെന്ററുകളിൽ 1000 ജീവനക്കാർക്ക് താൽക്കാലിക നിയമനം നൽകും. പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഫോറസ്റ്റിൽ ബീറ്റ് ഓഫീസർമാരായി 500 പേരെ നിയമിക്കും. ആരോഗ്യവിദ്യാഭ്യാസ വകുപ്പുകൾക്ക് പുറത്ത് മറ്റ് വകുപ്പുകളിൽ 1717 പേർക്ക് തൊഴിൽ ലഭ്യമാക്കും. സർക്കാർ സർവീസുകളിലും പി.എസ്.സിക്ക് വിട്ട പൊതുമേഖലാ അർധസർക്കാർ സ്ഥാപനങ്ങളിലും പി.എസ്.സി വഴിയാണ് നിയമനം നടക്കുക. എല്ലാ ഒഴിവുകളും പി.എസ്.സിക്ക് അടിയന്തിരമായി റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവികൾക്ക് നൽകി. പി.എസ്.സി വഴി 100 ദിവസത്തിനുള്ളിൽ 5000 പേർക്കെങ്കിലും നിയമനം നൽകുകയാണ് ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here