ഹാത്രാസ് പിന്നാലെ ഗുജറാത്തിലും കൂട്ടബലാത്സംഗം; പതിനഞ്ചുവയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

0
418

ജാംനഗര്‍: ഗുജറാത്തിലെ ജാംനഗറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാലംഗ സംഘം ബലാത്സംഗത്തിനിരയാക്കി. മയക്കുമരുന്ന് നല്‍കിയ ശേഷം നാലുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

സെപ്റ്റംബര്‍ 28 നാണ് പെണ്‍കുട്ടിയെ നാലംഗ സംഘം പീഡിപ്പിച്ചത്. പെണ്‍കുട്ടിയ്ക്ക് ഉറക്കഗുളിക നല്‍കി ബോധംകെടുത്തിയ ശേഷമായിരുന്നു പീഡനം. പ്രതികളിലൊരാള്‍ കുട്ടിയുടെ സുഹൃത്തായിരുന്നെന്നും ഇയാളാണ് കുട്ടിയ്ക്ക് ഉറക്കഗുളിക നല്‍കിയതെന്നും പൊലീസ് പറഞ്ഞു.

അവശനിലയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ മൂന്ന് പേരേ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലാമത്തെ പ്രതിയ്ക്കായി തെരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ടെന്ന് ഡി.എസ്.പി ജഡേജ അറിയിച്ചു.

അതേസമയം ഗുജറാത്തില്‍ തുടര്‍ച്ചയായി സ്ത്രീകള്‍ക്ക് നേരയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധമുയരുകയാണ്. ഗുജറാത്തിലും ഹാത്രാസ് ആവര്‍ത്തിക്കുന്നു എന്നാണ് സംഭവത്തില്‍ പ്രതികരിച്ച് ഗുജറാത്തിലെ വാദ്ഗം എം.എല്‍.എ കൂടിയായ ജിഗ്നേഷ് മേവാനി പ്രതികരിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഗുജറാത്തില്‍ സ്ത്രീകള്‍ക്ക് നേരേയുള്ള അക്രമങ്ങള്‍ വര്‍ധിക്കുകയാണ്. വന്‍കിട സ്ഥാപനങ്ങള്‍ കെട്ടിപ്പൊക്കുന്നതല്ല വികസനം. രാജ്യത്തിന് ആവശ്യം സാമൂഹിക-സാംസ്‌കാരിക വികസനമാണ്. ഇപ്പോഴെങ്കിലും പ്രതികരിക്കാമോ പ്രധാനമന്ത്രി നരേന്ദ്രമോദി’- മേവാനി ട്വീറ്റ് ചെയ്തു.

അതേസമയം യു.പിയിലെ ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ദേശീയ നേതാക്കളടക്കം നിരവധിപേര്‍ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ നട്ടെല്ല് തകരുകയും നാവ് മുറിക്കപ്പെടുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 30 ന് ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here