സ്ത്രീകളോടൊപ്പം നിർത്തി ഫോട്ടോയെടുത്തു, മറ്റുള്ളവരെ കാണിക്കുമെന്നും കൊല്ലുമെന്നും ഭീഷണി; പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

0
209

ബേഡഡുക്ക ∙ 60 കാരനെ തട്ടിക്കൊണ്ടു പോയി സ്ത്രീകളോടൊപ്പം നിർത്തി ഫോട്ടോയെടുത്ത് പണം തട്ടിയെടുത്ത കേസിൽ  കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കര ബിലാൽ നഗർ നടുക്കണ്ടി വീട്ടിൽ അഹമ്മദ് കബീർ (ലാലാ കബീർ 34)നെയാണ് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. 

ബാലനടുക്കം സ്വദേശിയെയാണ് ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടിയെടുത്തുവെന്ന പരാതിയിൽ 2 സ്ത്രീകൾ ഉൾപ്പെടെ 6 പേർക്കെതിരെ കഴിഞ്ഞ ദിവസം ബേഡഡുക്ക പൊലീസ് കേസെടുത്തിരുന്നു. ഇതിലെ പ്രധാന പ്രതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നു കോടതിയിൽ ഹാജരാക്കും.  

സ്ഥലം വാങ്ങാനെന്ന വ്യാജേന സെപ്റ്റംബർ 23നു രാവിലെ പരാതിക്കാരന്റെ  കരിംപങ്ങാനത്തെ വീട്ടിൽ സ്ത്രീകളായ രണ്ടു പേരെത്തുകയായിരുന്നു. തുടർന്നു പുറത്ത് കാറിലുണ്ടായിരുന്ന നാലു പേർ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും സ്ത്രീകളോടൊപ്പം നിർത്തി ഫോട്ടോയെടുത്തു. ഇതു മറ്റുള്ളവരെ കാണിക്കുമെന്നും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നു പലപ്പോഴായി 5.45 ലക്ഷം  രൂപ അപഹരിക്കുകയും ചെയ്തുവെന്നാണ് പരാതി. 

ബാക്കിയുള്ള സ്ത്രീകൾ ഉൾപ്പെടെയുള്ള 5 പേരെ പിടികൂടാനുണ്ടെന്നു സിഐ ടി.ഉത്തംദാസ് പറഞ്ഞു. കേരളം. കർണാടക. തമിഴ്നാട്. രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ മോഷണം അടക്കം നിരവധി കേസുകളിൽ പ്രതിയായ ഇയാൾ 13 വർഷത്തിന് ശേഷം ആണ് പൊലീസിന്റെ പിടിയിലാകുന്നത്.

കോടതി പിടികിട്ടാപ്പുള്ളിയായി  പ്രഖ്യാപിച്ച ഇയാൾക്കു കാസർകോട് പൊലീസ് അടക്കം നിരവധി സ്റ്റേഷനുകളിൽ വാറന്റ് ഉണ്ടെന്നു പൊലീസ് പറഞ്ഞു. എസ്ഐമാരായ കെ.മുരളീധരൻ, എം.ഗംഗാധരൻ ക്രൈം സ്ക്വാഡ് അംഗങ്ങളായ ലക്ഷ്മി നാരായണൻ, തോമസ്, ഓസ്റ്റിൻ തമ്പി, സജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here